അനുകൂല സാഹചര്യമെങ്കില്‍ അഫ്സ്പ പിന്‍വലിക്കുമെന്ന്
Friday, July 3, 2015 12:38 AM IST
ശ്രീനഗര്‍: അനുകൂല സാഹചര്യമുണ്ടായാല്‍ ജമ്മു-കാഷ്മീരില്‍ സൈന്യത്തിനു പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് (അഫ്സ്പ) പിന്‍വലിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സംസ്ഥാനത്തെ അവസ്ഥ അങ്ങനെയാകണമെന്നും രാജ്യത്ത് ഒരിടത്തും അഫ്സ്പ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകരുതെന്നു പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ സൌഹൃദമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഇസ്ലാമാബാദ് അവരുടെ സമീപനത്തെക്കുറിച്ചും ചിന്തിക്കണം. ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയതാണ്. പാക്കിസ്ഥാനുമായി സൌഹൃദം ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ പാക് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കുകയില്ലായിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

തെക്കന്‍ ഹിമാലയത്തിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഷ്മീരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരം ഭാഗികമായി പിന്‍വലിക്കില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളല്ല രഹസ്യാന്വേഷണ ഏജന്‍സികളാണു തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിലെ ഉധംപുരില്‍നിന്നുള്ള ബിജെപി ലോക്സഭാംഗമായ ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപി രംഗത്തെത്തിയിരുന്നു.


സംസ്ഥാനത്ത് അഫ്സ്പ പിന്‍വലിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കാന്‍ പങ്കാളികളായവര്‍ പരിശ്രമിക്കണമെന്നു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു-കാഷ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തിനായി പിഡിപി പ്രഖ്യാപിച്ച പൊതുമിനിമം പരിപാടിയില്‍ അഫ്സ്പ പിന്‍വലിക്കലുമുണ്ടായിരുന്നു. എന്നാല്‍, ബിജെപിക്കും പിഡിപിക്കും ഇക്കാര്യത്തില്‍ വ്യത്യസ്തകാഴ്ചപ്പാടാണ് ഉള്ളത്.

ജമ്മു-കാഷ്മീരിലെ വിഘടനവാദി നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചനടത്തുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനം എടുത്തിട്ടില്ല. ആരുമായി ചര്‍ച്ച നടത്താനും കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, ദേശവിരുദ്ധ പ്രവര്‍ത്തനത്തെ ബഹിഷ്കരിക്കുമെന്നും രാജ്നാഥ് പറഞ്ഞു.

പരസ്പരം അവിശ്വസിക്കേണ്ടകാര്യമില്ലെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പിഡിപി-ബിജെപി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.