മേമന്റെ കേസ് മൂന്നംഗ ബെഞ്ചിന്
മേമന്റെ കേസ് മൂന്നംഗ ബെഞ്ചിന്
Wednesday, July 29, 2015 12:11 AM IST
ജിജി ലൂക്കോസ്


ന്യൂഡല്‍ഹി: വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭിന്നവിധി. വധശിക്ഷ ശരിവച്ചതിനെതിരേ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചതില്‍ സുപ്രീംകോടതിക്കു വീഴ്ച സംഭവിച്ചെന്നു ചൂണ്ടി ക്കാട്ടിയ ജസ്റീസ് കുര്യന്‍ ജോസഫ് വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്റേ ചെയ്തു. എന്നാല്‍, തിരുത്തല്‍ ഹര്‍ജിയിലെ തീരുമാനവും യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു നല്‍കിയ ദയാഹര്‍ജിയും ശിക്ഷ നടപ്പിലാക്കുന്നതിനു ബാധകമാകില്ലെന്നു വ്യക്തമാക്കിയ ജസ്റീസ് അനില്‍ ആര്‍. ദവെ, ഹര്‍ജി തള്ളി ഉത്തരവിടുകയും ചെയ്തു. ഭിന്നവിധി വന്നതോടെ ഹര്‍ജി വിപുലമായ ബെഞ്ചിനു വിടാന്‍ കോടതി തീരുമാനിച്ചു.

ജസ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല പന്ത്, അമിതാവ റോയ് എന്നിവരുടെ മൂന്നംഗ ബെഞ്ച് ഇന്നു ഹര്‍ജി പരിഗണിക്കും. മേമന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ടത് ജസ്റീസുമാരായ അനില്‍ ആര്‍. ദവെ, ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ ബെഞ്ചായിരുന്നു. ആ ഹര്‍ജി തള്ളിയതിനു പിന്നാലെ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ട അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെ ജസ്റീസ് കുര്യന്‍ ജോസഫ് ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീംകോടതി നിയമത്തിലെ 48 (4) വകുപ്പു പ്രകാരം പുനഃപരിശോധനാ ഹര്‍ജിയിലും തിരുത്തല്‍ ഹര്‍ജിയിലും തീരുമാനമെടുക്കുന്നത് ഒരേ ബെഞ്ചു തന്നെയകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വീഴ്ച ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അതിനാല്‍, തിരുത്തല്‍ ഹര്‍ജി പുനഃപരിശോധിക്കണമെന്നും ജസ്റീസ് കുര്യന്‍ ജോസഫ് തയാറാക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി നിയമത്തിലെ 48 (4) പ്രകാരം തന്നെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മേമന്റെ തിരുത്തല്‍ ഹര്‍ജിയില്‍ തീരുമാനമെടുത്തത് ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു, ജസ്റീസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവര്‍ ചേംബറില്‍ വച്ചായിരുന്നു. നേരത്തെ വാദം കേട്ടിരുന്ന ബെഞ്ചിലെ മുതിര്‍ന്ന


അംഗത്തെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നതിനായി ജൂലൈ 22നു ചേംബറില്‍ കൂടിയ സിറ്റിംഗില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബാക്കിയുള്ള രണ്ട് അംഗങ്ങള്‍ക്ക് ഹര്‍ജി കൈമാറി അഭിപ്രായം തേടിയിരുന്നില്ലെന്നു ജസ്റീസ് കുര്യന്‍ ജോസഫ് തിങ്കളാഴ്ച വാദം കേട്ടപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം നിലപാട് അറിയിക്കട്ടെയെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

തിരുത്തല്‍ ഹര്‍ജിയിലെ കാര്യങ്ങള്‍ പുതിയ ഹര്‍ജിയില്‍ പരിഗണിക്കേണ്െടന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി നിലപാട് അറിയിച്ചത്. ഇത് ജസ്റീസ് അനില്‍ ആര്‍. ദവെ അംഗീകരിച്ചപ്പോള്‍ ജസ്റീസ് കുര്യന്‍ ജോസഫ് അംഗീകരിച്ചില്ല. ചെറിയ സാങ്കേതിക പിഴവുകള്‍ പോലും ജീവന്‍ സംരക്ഷിക്കേണ്ടതായ വിഷയങ്ങളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല ഭരണഘടനയുടെ കീഴിലുള്ള കോടതിക്കുണ്െടന്നും സുപ്രീംകോടതി പോലൊരു കോടതിയെ ഇതില്‍ അധികാരമില്ലാത്തതാക്കരുതെന്നും ജസ്റീസ് കുര്യന്‍ ജോസഫ് നിരീക്ഷിച്ചു.

യാക്കൂബ് മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിനു പിന്നാലെ മുംബൈയിലെ വിചാരണ കോടതി ശിക്ഷ 30ന് നടപ്പിലാക്കുന്നതിനായി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതു നിയമവിരുദ്ധമായാണു പുറത്തിറക്കിയതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. വധശിക്ഷയ്ക്കെതിരേ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഏപ്രില്‍ 30നാണ് മഹാരാഷ്ട്ര പ്രത്യേക കോടതി മരണ വാറന്റ് പുറപ്പെടുവിച്ചതെന്നും ഇതിന്മേല്‍ നടപടി പൂര്‍ത്തിയാക്കിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 17നാണ് അറിയിച്ചതെന്നും മേമന്‍ വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.