ഇസ്ലാമിക് സ്റേറ്റിന്റെ ലക്ഷ്യം: ഇന്ത്യയെ ആക്രമിച്ച് ലോകയുദ്ധമുണ്ടാക്കും
Thursday, July 30, 2015 12:25 AM IST
ന്യൂഡല്‍ഹി/വാഷിംഗ്ടണ്‍: ഇന്ത്യയെ ആക്രമിച്ച് ഒരു ആഗോളയുദ്ധത്തിനു വഴിമരുന്നിടാന്‍ ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരര്‍ ഉദ്ദേശിക്കുന്നു. ഐഎസിന്റെ ചരിത്രം പുതിയ അംഗങ്ങള്‍ക്കു വിശദീകരിച്ചുകൊടുക്കാന്‍ തയാറാക്കിയ ഒരു ലഘുലേഖയിലാണ് ഇതു പറയുന്നത്.

അഫ്ഗാനിസ്ഥാനിലെ ഗോത്രവര്‍ഗമേഖലയില്‍നിന്നു ലഭിച്ച ഉറുദു ഭാഷയിലുള്ള ലഘുലേഖ വിശദമായി പഠിച്ച രഹസ്യാന്വേഷണ വിദഗ്ധര്‍ ഈ രേഖ ഐഎസിന്റെതാണെന്നു സ്ഥിരീകരിച്ചു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരടങ്ങിയ അമേരിക്കന്‍ മീഡിയ ഇന്‍സ്റിറ്റ്യൂട്ട് (എഎംഐ) ഇതു പഠിച്ചു തയാറാക്കിയ റിപ്പോര്‍ട്ട് യുഎസ്എ ടുഡെ ഇന്നലെ പ്രസിദ്ധീകരിച്ചു.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുംനിന്ന് ആള്‍ക്കാരെ ചേര്‍ത്ത് ഒരു വമ്പന്‍ സൈന്യം ഉണ്ടാക്കണമെന്നാണ് ഐഎസ് ഉദ്ദേശിക്കുന്നത്. ഇന്ത്യയുമായി ഒരു യുദ്ധം തുടങ്ങി അതു ലോകാവസാനത്തിലേക്കു നയിക്കുന്നതരം ഒരു മഹായുദ്ധമാക്കണമെന്നും പദ്ധതിയിടുന്നു. അഫ്ഗാനിസ്ഥാനില്‍നിന്നു മടങ്ങുന്ന അമേരിക്കന്‍ സൈനികരെ ആക്രമിക്കാനും അമേരിക്കന്‍ നയതന്ത്രജ്ഞരെയും പാക്കിസ്ഥാനി ഉദ്യോഗസ്ഥരെയും കൊല്ലാനും പദ്ധതിയുണ്ട്. പാക്കിസ്ഥാനി താലിബാനില്‍ ഉന്നതബന്ധങ്ങളുള്ള ഒരു പാക്കിസ്ഥാന്‍കാരനാണു രേഖ എഎംഐക്കു നല്‍കിയത്. ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഹാര്‍വാഡിലെ ഗവേഷകന്‍ മുസ്തഫ സംദാനിയാണ് ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയത്.


പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള നിരവധി താലിബാന്‍ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനും ഐഎസ് ലക്ഷ്യമിടുന്നു. അല്‍ക്വയ്ദയെയും ഈ ഏകോപിത സൈന്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇസ്ലാമിക് രാഷ്ട്ര കാലിഫേറ്റിന്റെ ഹ്രസ്വചരിതം, പ്രവാചകദര്‍ശനത്തിലെ കാലിഫേറ്റ് എന്നാണു ലഘുലേഖയുടെ ശീര്‍ഷകം.

"അള്ളായ്ക്കെതിരേ നില്‍ക്കുന്ന അവസാനത്തെ ആളെയും ശിരച്ഛേദം ചെയ്തു മുഴുവന്‍ ലോകത്തിന്റെയും ഭരണം ഏറ്റെടുക്കുന്നതുവരെ ഈ കാലിഫേറ്റ് നിലനില്‍ക്കുകയും വളരുകയും ചെയ്യും. ഇതാണു കയ്ക്കുന്ന സത്യം, ഇതംഗീകരിക്കുക'': ലഘുലേഖയില്‍ പറയുന്നു. ഇന്ത്യയെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി രേഖയിലുണ്ട്. അത് അമേരിക്കയുമായി ലോകനാശകാരിയായ യുദ്ധത്തിലേക്കു നയിക്കും. "അമേരിക്ക തീര്‍ച്ചയായും തങ്ങളുടെ എല്ലാ സഖ്യകക്ഷികളോടുംകൂടി നമ്മെ ആക്രമിക്കും. എന്നാല്‍, അന്ത്യയുദ്ധത്തില്‍ ഉമ്മ (മുസ്ലിം ലോകം) ജയിക്കും'': രേഖയില്‍ പറയുന്നു.

ഐഎസ് ഭീഷണിയെപ്പറ്റി കഴിഞ്ഞ മാസം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നു പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് ചൌധരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.