ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ വൈകുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി
ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ വൈകുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി
Saturday, August 1, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ വൈകുന്നതിനു കര്‍ണാടക സര്‍ക്കാരിനു സുപ്രീം കോടതിയുടെ വിമര്‍ശനം. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ എന്താണു തടസമെന്നു കര്‍ണാടക സര്‍ക്കാരിനോട് ജസ്റീസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ച യ്ക്കകം വിശദീകരണം നല്‍കണമെ ന്നും കര്‍ണാടകത്തോട് കോടതി നിര്‍ദേശിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന ഈ കേസ് ഇപ്പോള്‍ ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ജഡ്ജിയാണ് പരിഗണിക്കുന്നതെന്നും സിബിഐയുടെ പതിവ് കേസുകളും ഇതോടൊപ്പം പരിഗണിക്കുന്നതിനാല്‍ വിചാരണ നീളുകയാണെന്നുമുള്ള ഹര്‍ജിക്കാരുടെ നിവേദനത്തെത്തുടര്‍ന്നാണ് കോടതി ഇടപെട്ടത്.

നിയമനടപടികള്‍ അനന്തമായി നീളുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച്, മുംബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്റെ കേസ് അടിയന്തരമായി പരിഗണിച്ച കാര്യവും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രി നടന്നത് എന്താണെന്ന് അറിയാമല്ലോയെന്നു യാക്കൂബിനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെന്ന നിലയില്‍ കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാജു രാമചന്ദ്രനോട് ജസ്റീസ് ചെലമേശ്വര്‍ ചോദിച്ചു.


ഇത്തരം കേസുകളില്‍ പ്രത്യേക കോടതി രൂപീകരിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍, നടപടി എത്രയും വേഗം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതി നിലവില്‍ ആഴ്ചയില്‍ നാല് ദിവസം മഅദനിയുടെ കേസില്‍ വാദം കേള്‍ക്കുന്നുണ്െടന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.

മഅദനിയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയില്‍ വളപ്പിലുള്ള അഡീഷണല്‍ സിവില്‍ ജഡ്ജിയെ പ്രത്യേക കോടതിയായി അംഗീകരിച്ചു കേസ് അങ്ങോട്ടു മാറ്റിയാല്‍ വിചാരണ വേഗത്തിലാക്കാനാവുമെന്നാണ് മഅദനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.