ഹൈക്കമാന്‍ഡുമായി ചെന്നിത്തല ചര്‍ച്ച നടത്തി
ഹൈക്കമാന്‍ഡുമായി ചെന്നിത്തല ചര്‍ച്ച നടത്തി
Sunday, August 2, 2015 11:56 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി വിശദ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് തുടങ്ങിയവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീ യ സാഹചര്യങ്ങള്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്നു മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കാമെന്നു ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചനയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മില്‍ തുടക്കത്തിലുണ്ടായിരുന്ന ഐക്യം ഇപ്പോഴില്ല. സര്‍ക്കാരും പാര്‍ട്ടിയും ഏകസ്വരത്തിലല്ല ചില വിഷയങ്ങളില്‍ പ്രതികരിക്കുന്നത്. ഐ വിഭാഗത്തെ തഴയാന്‍ എ ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങള്‍ ഐക്യത്തിനു വിഘാതമാണെന്നു ചെന്നിത്തല മുന്നറിയിപ്പു നല്‍കിയതായി അഭ്യൂഹമുണ്ട്.


രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയവരുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തങ്ങി കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തിയ ആഭ്യന്തരമന്ത്രി ഇന്നുച്ചയോടെ ബംഗളൂരുവിലേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.