ഐഎസ് ഭീഷണി: സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കും
Sunday, August 2, 2015 11:28 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐഎസ് ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍നിന്നുള്ള ആഭ്യന്തര സെക്രട്ടറിമാരും ഡിജിപിമാരും യോഗത്തില്‍ പങ്കെടുത്തു.

യുവാക്കള്‍ ഇസ്ലാമിക് സ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യങ്ങളും ഇതിനെ എങ്ങനെ തടയാമെന്നുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നത്. കേരളം, ജമ്മു കാഷ്മീര്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍. സി. ഗോയലിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ടി.പി. സെന്‍കുമാര്‍, ഇന്റലിജന്റ്സ് എഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.


സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനും മുന്‍കരുതലെടുക്കുന്നതിനുമൊപ്പം തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ട്മെന്റുകള്‍ തടയാന്‍ മതപുരോഹിതന്മാരുടെ സഹായത്തോടെ ബോധവത്കരണം നടത്താനും ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കുന്നുണ്ട്. മന്ത്രാലയത്തിലുള്ള വിവരമനുസരിച്ച് ഇതുവരെ 11 ഇന്ത്യക്കാരാണ് ഐഎസില്‍ ചേര്‍ന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ സംഘം ആക്രമണം നട ത്തിയ പശ്ചാത്തലത്തില്‍ സുര ക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.