മിര്‍ച്ചിയുടെ ഹവാല: യുകെയ്ക്ക് എന്‍ഫോഴ്സ്മെന്റിന്റെ കത്ത്
Monday, August 3, 2015 12:05 AM IST
ന്യൂഡല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ ഹവാലയിടപാടുകളെയും ഭീകരവാദത്തിനു സാമ്പത്തികസഹായം നല്‍കിയ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യുകെയ്ക്കു കത്തയച്ചു. മിര്‍ച്ചി വിദേശത്തു അനധികൃതമായി നേടിയ സമ്പാദ്യത്തെയും ബാങ്ക് അക്കൌണ്ടുകളെയും സംബന്ധിച്ച വിവരങ്ങളാണു ഇന്ത്യ തേടിയത്. യുഎഇ, സ്പെയിന്‍, ടര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. മുംബൈ ക്രൈംബ്രാഞ്ചിന്റെയും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെയും സഹകരണം അന്വേഷണത്തില്‍ ഉണ്ടാവണമെന്നും എന്‍ഫോഴ്സ്മെന്റ് അഭ്യര്‍ഥിച്ചു.


മുംബൈയിലെ നിരവധി സ്വത്തുക്കള്‍ മിര്‍ച്ചി വിറ്റഴിച്ചെന്നും ഈ പണം വിദേശത്തു സ്വത്തുക്കള്‍ വാരിക്കൂട്ടാനും ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഉപയോഗിച്ചുവെന്നുമാണ് കരുതപ്പെടുന്നത്. 2013ല്‍ യുകെയിലായിരുന്നു മിര്‍ച്ചിയുടെ അന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.