രാഷ്ട്രപതിഭവന്‍ കൂടുതല്‍ ജനകീയമാക്കും: പ്രണാബ് മുഖര്‍ജി
രാഷ്ട്രപതിഭവന്‍ കൂടുതല്‍ ജനകീയമാക്കും: പ്രണാബ് മുഖര്‍ജി
Tuesday, August 4, 2015 12:21 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്‍ കൂടുതല്‍ ജനകീയമാക്കുമെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. രാഷ്ട്രപതി ഭവനും 7,000 ജീവനക്കാര്‍ അടക്കമുള്ള പ്രസിഡന്റ്സ് എസ്റേറ്റും ചേര്‍ന്നുള്ള മേഖല സ്മാര്‍ട്ട് സിറ്റിയായി ആധുനികവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതിയായി ചുമതലയേറ്റിട്ടു മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതു പ്രമാണിച്ചു ഇന്നലെ വൈകുന്നേരം ദീപിക അടക്കം തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുടെ പ്രതിനിധികളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രണാബ്. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍, മാധ്യമ സെക്രട്ടറി ഡോ. വേണു രാജാമണി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പാര്‍ലമെന്റിലെ സംഭവവികാസങ്ങള്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചു പരസ്യമായി പ്രതികരിക്കാന്‍ കഴിയില്ലെന്നു രാഷ്ട്രപതി വ്യക്തമാക്കി. രാഷ്ട്രപതിയെന്ന നിലയില്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍ മാത്രമേ പോകൂ. ഗുജറാത്തും ഗോവയും ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. അസുഖം വന്നതിനെത്തുടര്‍ന്ന് മാറ്റിവച്ച ഈ സംസ്ഥാനങ്ങളിലേക്കും വൈകാതെ പോകുമെന്ന് പ്രണാബ് അറിയിച്ചു.


രാജ്യത്തെ 114 കേന്ദ്ര സര്‍വകലാശാലകളുടെ വിസിറ്റര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്നു രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസര്‍വകലാശാലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് വിസിറ്റേഴ്സ് അവാര്‍ഡ് ഏര്‍പ്പെടുത്തി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബ്രിക്സ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്തി. ആദ്യമായി രാഷ്ട്രപതിയുടെ വിദേശയാത്രകളില്‍ അക്കാദമിക് രംഗത്തെ പ്രല്ഭരെ കൂടി ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.