മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും ഖനനങ്ങളും നിയന്ത്രിക്കുക ലക്ഷ്യം: ജാവഡേക്കര്‍
മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും  ഖനനങ്ങളും നിയന്ത്രിക്കുക ലക്ഷ്യം: ജാവഡേക്കര്‍
Tuesday, August 4, 2015 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മേഖലയില്‍ വന്‍തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും വന്‍ ഖനനങ്ങളും നിയന്ത്രിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ജനവാസ കേന്ദ്രങ്ങളെയും കൃഷി ഭൂമി, തോട്ടം മേഖല എന്നിവയെയും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്നും പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള മണല്‍- പാറ ഖനനത്തെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും പശ്ചിമഘട്ട മേഖലയിലെ എംപിമാര്‍ ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി നടത്തിയ ആറു സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 എംപിമാരാണ് ഇന്നലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ബാക്കിയുള്ള എംപിമാരുടെ അഭിപ്രായം കേള്‍ക്കുന്നതിനായി അടുത്താഴ്ച വീണ്ടും യോഗം ചേരുമെന്നും പൊതുജനങ്ങളുടെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും നിലപാടുകളും പരാതികളും പരിശോധിച്ച് സെപ്റ്റംബര്‍ ഒന്‍പതിനകം അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളെയും കൃഷി ഭൂമി, തോട്ടം തുടങ്ങിയ വനേതര മേഖലകളെയും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് മിക്ക ജനപ്രതിനിധികളും യോഗത്തില്‍ ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വിശദമായ രീതിയില്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയതു കേരളമാണ്. ഗോവയും നിലപാട് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളോടു നിലപാട് അറിയിക്കാന്‍ അന്തിമനിര്‍ദേശം നല്‍കിയിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, പരിസ്ഥിതി ലോല പ്രദേശമായി തെരഞ്ഞെടുത്തിട്ടുള്ള കേരളത്തിലെ 123 വില്ലേജുകള്‍ സംബന്ധിച്ച് കേരള വനം വകുപ്പ് സമര്‍പ്പിച്ച ഭൂപടം അംഗീകരിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും ഭൂപടവും മാത്രമേ അംഗീകരിക്കാവൂയെന്നും യോഗത്തില്‍ പങ്കെടുത്ത എം.ഐ. ഷാനവാസ് എംപി ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് തയാറാക്കിയത് ഏകപക്ഷീയമായാണെന്നും ജനങ്ങളുമായോ ബന്ധപ്പെട്ട കക്ഷികളുമായോ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അതിനാല്‍ കര്‍ഷകരുടെ സഹകരണത്തോടെ മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കാവൂയെന്നും ജോയ്സ് ജോര്‍ജ് എംപി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ വനങ്ങള്‍ 21 ശതമാനം മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 29 ശതമാനമാണെന്നും സംസ്ഥാനത്തിന്റെ 51 ശതമാനവും പച്ചപ്പാക്കി നിലനിര്‍ത്തുന്നത് കര്‍ഷകരുടെ സംഭാവനകളാണെന്നും ചൂണ്ടിക്കാട്ടിയ ആന്റോ ആന്റണി, ജോസ് കെ. മാണി തുടങ്ങിയ എംപിമാര്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കുന്നത് കര്‍ഷകരോടുള്ള ദ്രോഹമാണെന്നും അറിയിച്ചു.

കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ബി. രാജേഷ് തുടങ്ങിയ എംപിമാരും ഇതിനു പിന്തുണ നല്‍കി. അതേസമയം, പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തിയതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കര്‍ സുമിത്ര മഹാജന്റെ നടപടി അറിഞ്ഞതോടെ, യോഗ നടപടികള്‍ കോണ്‍ഗ്രസ് എംപിമാര്‍ ബഹിഷ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.