നാഗാ സംഘടനയുമായി സമാധാനക്കരാര്‍ ഒപ്പുവച്ചു
നാഗാ സംഘടനയുമായി   സമാധാനക്കരാര്‍ ഒപ്പുവച്ചു
Tuesday, August 4, 2015 12:19 AM IST
ന്യൂഡല്‍ഹി: വിഘടനവാദവും ഒളിപ്പോരും അവസാനിപ്പിച്ചു സമാധാനപാതയിലേക്കു വരുന്നതിന്റെ ഭാഗമായി നാഗാലാന്‍ഡിലെ പ്രധാന വിഘടനവാദി സംഘടന കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തി. എന്‍എസ്സിഎന്‍(ഐ-എം) സംഘടനയുടെ നേതാവ് ടി. മുയ്വാഹും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ആര്‍.എന്‍. രവിയും തമ്മിലാണു കരാര്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കരാര്‍ ഒപ്പുവച്ചത്.

കഴിഞ്ഞ പതിനാറു വര്‍ഷത്തെ ശ്രമങ്ങളുടെ ഫലമാണ് അക്രമം അവസാനിപ്പിക്കാനുള്ള സന്നദ്ധതയോടെ ഇന്നലെ തലസ്ഥാനനഗരിയില്‍ വിഘടിത സംഘടനയുടെ നേതാവ് എത്താനിടയാക്കിയത്. 1997ലാണ് സമാധാന പാതിയിലേക്കു വഴിതുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു നിര്‍ണായക വഴിത്തിരിവുണ്ടായത്. അന്ന് സര്‍ക്കാരുമായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ അത് ചര്‍ച്ചകള്‍ക്കുള്ള സാധ്യതമാത്രമേ സംഭാവന ചെയ്തുള്ളു. തുടര്‍ന്ന് ഇതുവരെ 80 തവണ ചര്‍ച്ചകള്‍ നടന്നു.

ഇന്നലെ സമാധാനകരാറില്‍ ഒപ്പുവച്ച നാഷണല്‍ സോഷ്യലിസ്റ് കൌണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഐസക്, മുയ്വാഹ്) ആണ് നാഗാലാന്‍ഡില്‍ ഏറെ പ്രബലമായത്. വിഘടനവാദികളില്‍ ഭൂരിപക്ഷവും ഈ സംഘടനയിലാണ്. ഇവരുമായുള്ള ധാരണ മറ്റു ചെറിയ സംഘടനകളെയും സമാധാനപാതിയിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. എസ്.എസ്. കപ്ളാംഗിന്റെ നേതൃത്വത്തിലുള്ള വിഘടിതവിഭാഗമായ എന്‍എസ്സിഎന്‍(കെ) ജൂണില്‍ മണിപ്പൂരില്‍ 18 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്ന് രഹസ്യ ക്യാമ്പ് ആക്രമിച്ച് ഈ സംഘടനയുടെ പ്രവര്‍ത്തകരെ വധിച്ചിരുന്നു. ഏതായാലും ഭൂരിപക്ഷം നാഗാ വിഘടിതരും അക്രമപാത ഉപേക്ഷിക്കുമ്പോല്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കപ്ളാന്‍ വിഭാഗത്തിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് സംശയമില്ല. ചരിത്രനേട്ടം എന്നാണു പ്രധാനമന്ത്രി കരാറിനെ വിശേഷിപ്പിച്ചത്.


ധാരണയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്തദിവസങ്ങളിലേ പ്രഖ്യാപിക്കുകയുള്ളു. ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നാഗന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിക്കണമെന്ന അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്േടായെന്നത് വ്യക്തമല്ല. നാഗന്മാരും സര്‍ക്കാരുമായി പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. ഇത് തുടക്കമാണ്. ഇപ്പോള്‍മുതല്‍. പക്ഷേ മുന്നിലുള്ള വെല്ലുവിളി നിസാരമല്ല. അത് വളരെ കടുപ്പമേറിയതാണ്- സമാധാനക്കരാര്‍ ഒപ്പിട്ടശേഷം നാഗാനേതാവ് മുയ്വാഹ് അഭിപ്രായപ്പെട്ടു.

മുറിവുകള്‍ ഉണക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും മാത്രമല്ല, സര്‍ക്കാര്‍ ലക്ഷ്യം, നാഗാലാന്‍ഡിന്റെ അഭിമാനവും അന്തസും സംരക്ഷിക്കുകയും ജനങ്ങളോടുള്ള സഹകരണം ഉറപ്പാക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് മോദി പ്രസ്താവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.