രാജ്യസഭയില്‍ സുഷമയുടെ മറുപടിക്കെതിരേ പ്രതിപക്ഷം സ്പീക്കര്‍ക്കു പരാതി നല്‍കി
രാജ്യസഭയില്‍ സുഷമയുടെ മറുപടിക്കെതിരേ പ്രതിപക്ഷം സ്പീക്കര്‍ക്കു പരാതി നല്‍കി
Tuesday, August 4, 2015 12:20 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ലളിത് മോദിക്കു യാത്രാരേഖകള്‍ ലഭ്യമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. സുഷമയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം ഉയര്‍ത്തുന്നതിനിടെയാണു മന്ത്രി ഇന്നലെ വിശദീകരണം നല്‍കിയത്. എന്നാല്‍, വിഷയത്തില്‍ സുഷമ നടത്തിയതു പ്രസ്താവനയായി കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി സുഷമ സ്വരാജ് പ്രസ്താവന നടത്തുമെന്നാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞത്. എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങാതെയോ പ്രസ്താവനയുടെ പകര്‍പ്പ് അംഗങ്ങള്‍ക്കു നല്‍കാതെയോ പ്രസ്താവന നടത്താനാവില്ലെന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ സുഷമ നല്‍കിയ വിശദീകരണം പ്രസ്താവനയല്ലെന്നും സഭാ രേഖകളില്‍നിന്നു നീക്കം ചെയ്യണമെന്നും പ്രതിപക്ഷം രാജ്യസഭാ സ്പീക്കര്‍ ഹമീദ് അന്‍സാരിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

അതിനിടെ ശൂന്യവേളയില്‍ സുഷമ സംസാരിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ബഹളം കാരണം ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. രാജ്യസഭാ കക്ഷി നേതാവ് പ്രസ്താവനയെന്നു വിശേഷിപ്പിച്ചതു കൊണ്ടു മാത്രം അത്തരത്തില്‍ കണക്കിലെടുക്കാനാവില്ല. എന്നാല്‍, സഭയിലെ ഒരംഗം എന്ന നിലയില്‍ തനിക്കെതിരായുള്ള ആരോപണങ്ങളില്‍ സുഷമയ്ക്കു മറുപടി നല്‍കാമെന്നും ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏഴു ദിവസമായി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ തയാറായി താന്‍ രാജ്യസഭയില്‍ വരുന്നു. എന്നാല്‍, സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്ന അവസരത്തില്‍ അതിനു സാധ്യമാകുന്നില്ലെന്നായിരുന്നു സുഷമ സ്വരാജിന്റെ വിശദീകരണം. ലളിത് മോദിക്കു യാത്രാരേഖകള്‍ ലഭ്യമാകാന്‍ താന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സുഷമ വ്യക്തമാക്കി. എന്നാല്‍, മന്ത്രിയുടെ മറുപടിക്കൊപ്പം തന്നെ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ശബ്ദം ഉയര്‍ത്തി സംസാരിച്ച സുഷമ താന്‍ ലളിത് മോദിക്കു വേണ്ടി ഒരു അഭ്യര്‍ഥനയും നടത്തിയിട്ടില്ലെന്നു രണ്ടു തവണ ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷം സഭാനടപടികള്‍ തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്നതു കൊണ്ടാണ് പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കാത്തതെന്നും സുഷമ ആരോപിച്ചു. ഇതിനിടെ ബഹളം രൂക്ഷമായപ്പോള്‍ സഭ പിരിയുന്നതായി ഉപാധ്യക്ഷന്‍ അറിയിച്ചു.


ലളിത് മോദി, വ്യാപം അഴിമതിക്കേസുകളില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെയും രാജ്യസഭ പലതവണ പിരിഞ്ഞു. ഇതേ വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. ആരോപിതരായ മന്ത്രിമാര്‍ക്കെതിരേ നടപടിയെടുത്തശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. എന്നാല്‍, പ്രതിപക്ഷത്തിന്റെ ലക്ഷ്യം ചര്‍ച്ചയല്ലെന്നും മറിച്ചു സഭയില്‍ ബഹളമുണ്ടാക്കുകയാണെന്നുമായിരുന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ മറുപടി. ഇന്നലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ക്രമപ്രശ്നം ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.