എംപിമാരുടെ സസ്പെന്‍ഷന്‍: പ്രതിഷേധം ശക്തം
എംപിമാരുടെ സസ്പെന്‍ഷന്‍: പ്രതിഷേധം ശക്തം
Wednesday, August 5, 2015 12:22 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുകാരായ 25 എംപിമാരെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതിനെതിരേ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു പുറത്തെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ ഇന്നലെ രാവിലെ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ.കെ. ആന്റണി എന്നിവരും സഖ്യകക്ഷിനേതാക്കളും പങ്കെടുത്തു.

ജനാധിപത്യത്തെ സര്‍ക്കാര്‍ കശാപ്പു ചെയ്തിരിക്കുകയാണെന്നു ധര്‍ണയ്ക്കിടെ സോണിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണന്നും പറഞ്ഞ സോണിയ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ലളിത് മോദി വിവാദത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വ്യാ പം കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും രാജി വയ്ക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് സോണിയ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നലെ പൂര്‍ണമായി സ്തംഭിച്ചു. രാവിലെ ചേര്‍ന്നതുമുതല്‍ സുഷമ സ്വരാജിന്റെ രാജിയാവശ്യം ഉന്നയിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

ചര്‍ച്ച നടക്കേണ്ടത് ആവശ്യമാണെന്നും പ്രതിപക്ഷവും ഭരണപക്ഷവും ഇതിനായി സഹകരിക്കണമെന്നും ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ പിന്നീടു രണ്ടു തവണ കൂടി നിര്‍ത്തിവച്ചശേഷം ഉച്ചകഴിഞ്ഞു രണ്േടകാലിനു സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.

ഇതേസമയം, പ്രതിപക്ഷം ഇല്ലാതെ ഭരണപക്ഷം ഏകപക്ഷീയമായി ലോക്സഭാ നടപടികളുമായി മുന്നോട്ടുപോയി. തെലുങ്കാന ഹൈക്കോടതിക്കായി പ്ളക്കാര്‍ഡുകളുമായി തെലുങ്കാന എംപിമാര്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി ഇന്നലെയും മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ നടപടിയെടുത്തില്ല.

കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, എസ്പി, എന്‍സിപി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആര്‍എസ്പി-ബി, ജെഡിഎസ്, ഐഎന്‍എല്‍ഡി തുടങ്ങിയ 12 പ്രതിപക്ഷ കക്ഷികളും സഭ ബഹിഷ്ക്കരിച്ചു. ബിഎസ്പിക്ക് ലോക്സഭയില്‍ അംഗങ്ങളില്ല. ഇവരില്‍ എന്‍സിപി, ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ പങ്കുചേര്‍ന്നു. പ്രതിഷേധസൂചകമായി വലതു കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണു എംപിമാര്‍ ധര്‍ണയില്‍ പങ്കെടുത്തത്. സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരും പിന്തുണയുമായി എത്തി.


സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എ.കെ. ആന്റണി എന്നിവര്‍ക്കു പുറമേ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെഗ, വീരപ്പ മൊയ്ലി, അംബികാ സോണി, മൊഹ്സിന കിദ്വായി, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ഗൌരവ് ഗോഗോയി, ദീപേന്ദര്‍ ഹുഡ, തുടങ്ങിയവരും കേരളത്തില്‍നിന്ന് കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, ജോസ് കെ. മാണി, ആന്റോ ആന്റണി, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ഐ. ഷാനവാസ് തുടങ്ങിയവരും സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാരും പാര്‍ലമെന്റ് മന്ദിരത്തിലെ ധര്‍ണയില്‍ പങ്കെടുത്തു.

എംപിമാര്‍ക്കെതിരായ ഏകപക്ഷീയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് ഇന്നലെ സമാജ്വാദി പാര്‍ട്ടിയും ഇടതുപക്ഷവും ലോക്സഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയത്. പാര്‍ലമെന്റ് സുഗമമായി നടത്തിക്കൊ ണ്ടു പോകേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നു സോ ണിയ ഗാന്ധി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് എംപിമാരെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുകയാണ്. മന്‍ കീ ബാത് പരിപാടി വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തിന്റെ മനസ് അറിയാനാണ് അദ്ദേഹം ആദ്യം ശ്രമിക്കേണ്ടത്- സോണിയ പറഞ്ഞു.

ആരോപണവിധേയരായ മന്ത്രിമാരുടെ രാജി കോണ്‍ഗ്രസിന്റെ ആവശ്യമല്ലെന്നും ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യമാണന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ഥിരം മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ജനങ്ങളുടെ മന്‍ കീ ബാത് കേള്‍ക്കാന്‍ തയാറാകണം. രാഹുല്‍ ആവശ്യപ്പെട്ടു. വ്യാപം അഴിമതി ആയിരങ്ങളുടെ ജീവിതം തകര്‍ത്തു. സുഷമ സ്വരാജും വസുന്ധര രാജെയും നിയമം ലംഘിച്ചു. അവരുടെ രാജി ജനങ്ങളുടെ ആവശ്യമാണ്. സഭാ ബഹിഷ്കരണം അടുത്ത നാലു ദിവസവും തുടരുമെന്നു രാഹുല്‍ അറിയിച്ചു.

കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതു കൊണ്ടു പ്രശ്നം പരിഹരിക്കപ്പെടില്ലെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇതേസമയം, കോണ്‍ഗ്രസിന്റെ രക്തത്തില്‍ ജനാധിപത്യം ഇല്ലെന്നും അത് അമ്മ- മകന്‍ പാര്‍ട്ടിയാണെന്നും ബിജെപി ആക്ഷേപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലുള്ള അസൂയ കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ബഹളം സൃഷ്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. പ്രതിപക്ഷം അനുവദിച്ചാല്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.