കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ പിഎസി ഉന്നതരുടെ തെളിവെടുത്തു
Thursday, August 27, 2015 12:40 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസ് വീണ്ടും സജീവമായി. സിബിഐ തലവനും കേന്ദ്ര ആഭ്യന്തര, നഗരവികസന, സ്പോര്‍ട്സ് സെക്രട്ടറിമാരും കെ.വി. തോമസ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുമ്പാകെ ഇന്നലെ ഹാജരായി തെളിവു നല്‍കിയതോടെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ അഴിമതിക്കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പു സംബന്ധിച്ചു സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലും സിഎജിയുടെ (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) ഓഡിറ്റിലും ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഇതുവരെയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇന്നലെ നടന്ന തെളിവെടുപ്പില്‍ കെ.വി. തോമസ് ചൂണ്ടിക്കാട്ടി. ഇവയടക്കം പിഎസിയുടെ പരിശോധനയില്‍ കണ്െടത്തിയവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു 15 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പിഎസി ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.

സിബിഐ തലവന്‍ അനില്‍ സിന്‍ഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് പ്രസാദ്, നഗരവികസന മന്ത്രാലയം സെക്രട്ടറി മധുസൂദന്‍ പ്രസാദ്, യുവജനകാര്യ- സ്പോര്‍ട്സ് സെക്രട്ടറി അജിത് എം. ശരണ്‍ എന്നിവര്‍ പിഎസിക്കു മുമ്പാകെ ഹാജരായി തെളിവുകള്‍ നല്‍കി. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന തെളിവെടുപ്പില്‍ കെ.വി. തോമസിനു പുറമേ അംഗങ്ങളായ രമേശ് പൊഖ്റിയാല്‍, വിജയ് ഗോയല്‍, ഡോ. കിരിത് സോമയ്യ, അനുരാഗ് ഠാക്കൂര്‍, ഋഷികാന്ത് ദുബൈ- ബിജെപി, ശാന്താറാം നായിക്, ഭൂവനേശ്വര്‍ കാലിത- കോണ്‍ഗ്രസ്, ഡോ. പി. വേണുഗോപാല്‍- എഡിഎംകെ തുടങ്ങിയവരും പങ്കെടുത്തു.


ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ മുന്‍ പിഎസി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിയെങ്കിലും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പിഎസി പതിനൊന്നാം തവണയാണു ഈ കേസിനെക്കുറിച്ചു അന്വേഷിക്കാന്‍ യോഗം ചേര്‍ന്നത്. അടുത്ത യോഗത്തിനു ശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കി പാര്‍ലമെന്റിനു സമര്‍പ്പിക്കാനാണു പിഎസിയുടെ നീക്കം.

ഗെയിംസ് നിര്‍മാണ കരാറുകളിലും 71 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കു പാരിതോഷികം നല്‍കിയതിലും അടക്കം വലിയ അഴിമതിക്കു വഴിതുറന്നിരുന്നുവെന്നു പിഎസി വിലയിരുത്തി. ഗെയിംസിന്റെ തീയതി മാറ്റാനാകാത്തതിനാല്‍ കൃത്രിമമായി അടിയന്തര സ്ഥിതി സൃഷ്ടിച്ചാണു ചട്ടങ്ങളും നിബന്ധനകളും കാറ്റില്‍പറത്തി കരാറുകള്‍ നല്‍കിയത്. ഇതുമൂലം കരാറില്‍ മല്‍സരം ഒഴിവാകുകയും ഖജനാവിനു വന്‍ സാമ്പത്തിക നഷ്ടം വരുകയും ചെയ്തുവെന്ന് തെളിവെടുപ്പില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

സിബിഐ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചു നഗരവികസന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.സി. ചൌഹാന്‍, ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മൂന്നു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇവയെല്ലാം ഇപ്പോഴും പരിഗണനയിലാണെന്നാണു മറുപടി കിട്ടിയത്. സ്പോര്‍ട്സ് മന്ത്രാലയവും തിരുത്തല്‍ നടപടികള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്െടന്നു യോഗത്തില്‍ പിഎസി ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.