ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: എ.കെ. ആന്റണി
ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: എ.കെ. ആന്റണി
Friday, August 28, 2015 11:59 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: വിമുക്ത ഭടന്മാരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഇടപെടണമെന്നു മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്റണി. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ രാജ്യത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കു വേണ്ടിയുള്ള പദ്ധതിയെക്കുറിച്ചു തര്‍ക്കം തുടരുന്നതു വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയാല്‍ അടിയന്തരമായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുമെന്ന് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ റിവാഡിയില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മോദിയുടെ ഈ പരസ്യ വാഗ്ദാനം.

അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുവേദിയില്‍ നല്‍കിയ വാദ്ഗാനം ഇനിയും നടപ്പാക്കിയിട്ടില്ല. നല്ലകാലത്ത് ചോരയും ജീവനും ആരോഗ്യവും നഷ്ടപ്പെടുത്തി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു രാഷ്ട്രം നല്‍കിയ ഉറപ്പാണു പദ്ധതി നടപ്പാക്കുമെന്നത്- ആന്റണി ഓര്‍മിപ്പിച്ചു.

എന്തു വിലകൊടുത്തും ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കണമെന്നു യുപിഎ സര്‍ക്കാര്‍ ധീരമായ തീരുമാനമാണ് എടുത്തത്. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ എന്ന ആവശ്യമുന്നയിച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ സൈനിക സമൂഹം സമരങ്ങള്‍ നടത്തി വരുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും ഇതു നടപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമം നട ത്തി. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നു തവണ പെന്‍ഷന്‍ ഗണ്യമായി ഉയര്‍ത്തി. ഇതിലൂടെയാണു നേരത്തേ പെന്‍ഷന്‍ പറ്റിയവരും പിന്നീടു വിരമിച്ചവരും തമ്മിലുള്ള അന്തരം കുറഞ്ഞതെന്ന് ആന്റണി വിശദീകരിച്ചു.

യുപിഎ സര്‍ക്കാര്‍ 2014 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതാണ്. അതേ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങാനായിരുന്നു തീരുമാനം. ബജറ്റ് പ്രഖ്യാപനം വന്ന അതേദിവസം തന്നെ മന്ത്രാലയത്തില്‍ താന്‍ നേരിട്ട് ഉന്നതതല യോഗം വിളിച്ചു. മൂന്നു സേനാതലവന്മാരും പ്രതിരോധ സെക്രട്ടറി, ധനകാര്യ സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു. ബജറ്റ് പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചു.


ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കു വ്യക്തമായ നിര്‍വചനവും തന്റെ കാലത്തു നല്‍കി. കുടുംബ പെന്‍ഷന്‍കാരെയും വികലാംഗ പെന്‍ഷന്‍കാരെയും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഇതിനു പിന്നാലെ ഏപ്രില്‍ 24ന് യോഗം കൂടി വിളിച്ചുചേര്‍ത്തു. ഈ യോഗം ഏഴംഗ സമിതിക്കു രൂപം നല്‍കി. കര, വ്യോമ, നാവിക സേനകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ സമിതി. എത്രയും വേഗം പദ്ധതി നടപ്പാക്കാ നും ആവശ്യമായ ഫണ്ടു ലഭ്യമാക്കാനും ഇതേ യോഗത്തില്‍ തീരുമാനിച്ചു. ഇത്തരത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുകയും ആവശ്യമായ ഉത്തരവുകള്‍ ഇറക്കുകയും ചെയ്തു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ധാരളം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. സൈനികര്‍ക്ക് പ്രത്യേകതയുണ്ട്. അവരില്‍ 90 ശതമാനം പേരും വിരമിക്കുന്നത് 35നും 45നും ഇടയില്‍ പ്രായത്തിലാണ്.

യഥാര്‍ഥത്തില്‍ മറ്റുള്ളവര്‍ ജീവിതം ആരംഭിക്കുമ്പോള്‍ ഇവര്‍ വിരമിക്കുന്നു. 60 വയസുവരെ ജോലി ചെയ്യുന്ന സൈനികര്‍ ഏകദേശം ആയിരത്തില്‍ താഴെയേ വരൂ.

ലെഫ്റ്റനന്റ് ജനറല്‍ പദവിയുള്ളവര്‍ മാത്രമാണ് ഇത്തരക്കാര്‍. 35ഉം 40ഉം വയസില്‍ വിരമിക്കുന്നവര്‍ 60 വയസുവരെ ജോലിനോക്കിയാല്‍ അപ്പോഴത്തെ ശമ്പളത്തിന് ആനുപാതികമായുള്ള പെന്‍ഷനാകും നല്‍കേണ്ടിവരുക. സൈനികര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. മറ്റുള്ളവര്‍ക്ക് ആനുകൂല്യം കൊടുക്കുന്നതിനു താന്‍ എതിരല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.


വിമുക്തഭടന്മാര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യപ്പെട്ടു നിരാഹാരം നടത്തിവന്ന രണ്ടു വിമുക്തഭടന്മാരെക്കൂടി ഇന്നലെ ആശുപത്രിയിലേക്കു മാറ്റി. സമരം തീര്‍ക്കാന്‍ കരസേനാധിപന്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിമുക്തഭടന്മാരുടെ സംഘടനാ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.