മൌനം വെടിഞ്ഞു മോദിയും മന്‍മോഹനും
Friday, August 28, 2015 1:02 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ലളിത് മോദി, വ്യാപം പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാരും കോണ്‍ഗ്രസും വിട്ടുവീഴ്ചയില്ലാതെ പോരടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായും മോദി സൌഹൃദ ചര്‍ച്ച നടത്തി. സീഷെല്‍സ് പ്രസിഡന്റ് ജെയിംസ് അലക്സ് മിഷേലിന്റെ ബഹുമാനാര്‍ഥം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നു ഏറെ രാഷ്ട്രീയ പ്രാധാന്യവും ശ്രദ്ധേയവുമായ ഈ സൌഹൃദം പങ്കുവയ്ക്കല്‍.

കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മറുപടികളൊന്നും പറയാത്ത നരേന്ദ്ര മോദിയെ മൌനി ബാബയെന്നും മൌനേന്ദ്ര മോദിയെന്നുമാണു കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെയുള്ള പ്രതിപക്ഷം വിമര്‍ശിക്കുന്നത്. യുപിഎ ഭരണകാലത്ത് മന്‍മോഹന്‍ സിംഗിനെ മൌനി ബാബയെന്നാണു ബിജെപി പരിഹസിച്ചിരുന്നത്.

വിദേശരാഷ്ട്രത്തലവന്റെ ബഹുമാനാര്‍ഥം ബുധനാഴ്ച രാത്രി ഒരുക്കിയ വിരുന്നിനായി മന്‍മോഹന്‍ സിംഗും ഗുലാം നബിയും നേരത്തേ തന്നെ രാഷ്ട്രപതി ഭവനിലെ അശോക ഹാളിലെത്തിയിരുന്നു. കൃത്യം എട്ടിനെത്തിയ പ്രധാനമന്ത്രി മോദി നേരേ മന്‍മോഹന്‍ സിംഗിന്റെ അടുത്തേക്കു ചെന്നു. പരസ്പരം കൈകൊടുത്തു. തുടര്‍ന്നു കുറച്ചുസമയം മന്‍മോഹനുമായി മോദി സംസാരിച്ചു. പിന്നീടു ഗുലാം നബിയുമായും പ്രധാനമന്ത്രി സൌഹൃദം പങ്കുവച്ചു.


ക്ഷണമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എത്തിയില്ല. എന്‍ഡിഎ ചെയര്‍മാനും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അശോക് ഗജപതി രാജു, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്് അജിത് ഡോവല്‍, പാശ്ചാത്യ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ സെക്രട്ടറി നവ്തേജ് സിംഗ് സര്‍ണ, പ്രഥമ വനിതാ വിദേശകാര്യ സെക്രട്ടറി ചോക്കില അയ്യര്‍, രാഷ്ട്രപതിയുടെ അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു തുടങ്ങിയവരും ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലും പിടിഐ എക്സിക്യുട്ടീവ് എഡിറ്റര്‍ വി.എസ് ചന്ദ്രശേഖറും അത്താഴവിരുന്നില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.