പട്ടേല്‍പ്രക്ഷോഭം രാജ്യവ്യാപകമാക്കും
പട്ടേല്‍പ്രക്ഷോഭം രാജ്യവ്യാപകമാക്കും
Monday, August 31, 2015 12:41 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ സംവരണത്തിനായി നടത്തുന്ന പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നു സമരസമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേല്‍. സമാനമായി ആവശ്യങ്ങളുള്ള അവഗണന നേരിടുന്ന മറ്റു സമുദായങ്ങളുമായി ചേര്‍ന്നു പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കും. പ്രതിഷേധത്തിനിടെ മരിച്ച ഒമ്പതു പേരുടെ കുടുംബങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ അതു സംബന്ധിച്ച പ്രഖ്യാപനം സൂററ്റില്‍ നടത്തുമെന്നും ഹര്‍ദിക് പട്ടേല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സംവരണം ആവശ്യപ്പെട്ടു സമരം നടത്തുന്ന ജാട്ട്, ഗുജ്ജര്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനു ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. സംവരണം ആവശ്യപ്പെട്ടു സമരം നടത്തുന്ന മറ്റു സമുദായങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ജന്തര്‍മന്തറിലും ലക്നൌവിലും പ്രതിഷേധം നടത്താനാണ് ആലോചിക്കുന്നത്. ഇതു വെറും 100 മീറ്റര്‍ ഓട്ടമത്സരമല്ല, മാരത്തണാണ്. താന്‍ എത്തിയത് നേതാക്കളെ മാത്രം കാണാനാണ്. ഏതെങ്കിലും മന്ത്രിയായി ചര്‍ച്ച നടത്താന്‍ ഉദ്ദേശ്യമില്ലെന്നും ഹര്‍ദിക് മാധ്യമങ്ങളെ അറിയിച്ചു. തനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുമില്ല. നിലവിലിരിക്കുന്ന സംവരണ നിയമങ്ങള്‍ രാജ്യത്തെ 35 വര്‍ഷം പിന്നോട്ടു കൊണ്ടുപോയെന്ന് ഹര്‍ദിക് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.