കല്‍ബുര്‍ഗിയുടെ കൊലപാതകം: പ്രഫ. കെ.എസ്. ഭഗവാന്റെ സുരക്ഷ ശക്തമാക്കി
കല്‍ബുര്‍ഗിയുടെ കൊലപാതകം: പ്രഫ. കെ.എസ്. ഭഗവാന്റെ സുരക്ഷ ശക്തമാക്കി
Monday, August 31, 2015 12:49 AM IST
മൈസൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും കന്നഡ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ എം.എം.കല്‍ബുര്‍ഗി വെടിയേറ്റു മരിച്ച സാഹചര്യത്തില്‍ തുറന്ന സമീപനങ്ങളുടെ പേരില്‍ തീവ്ര ഹൈന്ദവസംഘടനകളുടെ നോട്ടപ്പുള്ളിയായ പ്രഫ.കെ.എസ്.ഭഗവാന്റെ സുരക്ഷ ശക്തമാക്കി.

മൈസൂരു നഗരത്തിലെ കുവേമ്പുനഗറിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ആറംഗ സായുധ പോലീസ് സംഘത്തെ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ബി.ദയാനന്ദ അറിയിച്ചു. ഈ മേഖലയില്‍ മൊബൈല്‍ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

ഹൈന്ദവ വിശ്വാസത്തെയും ഹൈന്ദവദൈവങ്ങളെയും തള്ളിപ്പറഞ്ഞു പലവേദികളിലും സംസാരിച്ചതിന്റെ പേരില്‍ പ്രഫ.കെ.എസ്.ഭഗവാനു തീവ്ര സംഘടനകളില്‍നിന്നു ഭീഷണിയുണ്ടായിരുന്നു. അടുത്തയിടെ ചില സംഘടനകള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു നടത്തിയ പ്രകടനം പോലീസ് തടയുകയും ചെയ്തിരുന്നു. തുറന്ന സമീപനങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ തീവ്ര ഹൈന്ദവസംഘടനകളുടെ നോട്ടപ്പുള്ളിയായ ആദ്യ വ്യക്തി പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഡോ.യു.ആര്‍. അനന്തമൂര്‍ത്തിയാണ്. അസുഖത്തെത്തുടര്‍ന്ന് ഇദ്ദേഹം മരിച്ചപ്പോള്‍ ബജ്രംഗ്ദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചതിനു പിന്നാലെ ബജ്രംഗ്ദള്‍ കോ-കണ്‍വീനര്‍ ഭുവിത് ഷെട്ടി പ്രകോപനപരമായ പ്രസ്താവന ട്വിറ്ററില്‍ പോസ്റ് ചെയ്തിരുന്നു. അന്ന് അനന്തമൂര്‍ത്തിയായിരുന്നുവെന്നും ഇപ്പോഴതു കല്‍ബുര്‍ഗിയാണെന്നും അടുത്ത ലക്ഷ്യം കെ.എസ്. ഭഗവാനാണെന്നു ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ഭുവിത് ചൂണ്ടിക്കാട്ടി. ഹിന്ദുമതത്തെ കളിയാക്കുന്നവര്‍ക്കു പട്ടിയെപ്പോലെ ചാകാനായിരിക്കും യോഗമെന്നും സന്ദേശത്തില്‍ പറഞ്ഞു. വൈകാതെ ഈ സന്ദേശം ട്വിറ്ററില്‍നിന്നു നീക്കം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.