ബിജെപിക്കു ബിഹാറില്‍ തിരിച്ചടി നല്‍കുമെന്നു വിമുക്തഭടന്മാര്‍
Tuesday, September 1, 2015 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ വാക്കുപാലിക്കാതെ പിന്മാറിയ ബിജെപി സര്‍ക്കാരിനു ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നു വിമുക്ത ഭടന്മാര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമുക്ത ഭടന്മാര്‍ വീടുകള്‍ തോറും കയറി ഇറങ്ങി കേന്ദ്രസര്‍ക്കാരിനെതിരേ പ്രചാരണം നടത്താനാണു പരിപാടി. വാക്ക് പാലിക്കാത്ത സര്‍ക്കാരിനെ തുറന്നുകാട്ടുന്നതിനായി തങ്ങളുടെ പ്രതിനിധികള്‍ പ്രചാരണം നടത്തുമെന്ന് സമരമുഖത്തുള്ള മേജര്‍ സത്ബീര്‍ സിംഗ് പറഞ്ഞു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം രാജ്യവ്യാപകമാക്കാനൊരുങ്ങുകയാണു വിമുക്തഭടന്മാര്‍. വന്‍തോതില്‍ വിമുക്തഭടന്‍മാര്‍ ഉള്ള ബിഹാറില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ഇവരുടെ നീക്കം ബിജെപിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തും.

അതിനിടെ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റ അടിസ്ഥാനത്തില്‍ വാര്‍ഷിക പെന്‍ഷന്‍ പുതുക്കല്‍ നടപ്പാക്കാനാവില്ലെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ഇതു ലോകത്തൊരിടത്തും നടപ്പില്ല. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍, വര്‍ഷം തോറം ഇതു പുതുക്കണം എന്നത് അംഗീകരിക്കാനാവില്ലെന്നു ജയ്റ്റ്ലി പറഞ്ഞു. വൈകാരികതയുടെ അടിസ്ഥാനത്തില്‍ യുക്തിരഹിതമായി ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതില്‍ കാര്യമില്ല. ഇതു കണ്ട് മറ്റു വിഭാഗങ്ങളും സമാന ആവശ്യങ്ങളുന്നയിച്ചു മുന്നോട്ടു വരാനിടയുണ്ട്. ഇതു ഭാവി തലമുറകള്‍ക്കു വന്‍ ബാധ്യതകള്‍ വരുത്തിവയ്ക്കുന്നതിനിടയാക്കുമെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.

വിരമിച്ച സൈനികര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ ജയ്റ്റ്ലി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുമെന്ന ഉറപ്പാണു നല്‍കിയത്. പക്ഷേ, വണ്‍റാങ്ക് വണ്‍ പെന്‍ഷന്റെ ഗണിതശാസ്ത്രപരമായ വ്യാഖ്യാനത്തിലാണു പ്രശ്നമെന്നാണ് ഇന്നലെ ജയ്റ്റ്ലി ചൂണ്ടിക്കാട്ടിയത്.


വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സംബന്ധിച്ചു തനിക്കു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്െടന്നു പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുടേതു യുക്തിസഹവും വിവേകത്തോടു കൂടിയതാകണമെന്നും പറഞ്ഞു. എല്ലാ മാസത്തിലുമോ വര്‍ഷം തോറുമോ പെന്‍ഷന്‍ നവീകരിച്ചു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാനാകില്ലെന്നും ജയ്റ്റ്ലി ആവര്‍ത്തിച്ചു.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബിജെപി എംപിയുമായ റാംജെത് മലാനി ഇന്നലെ സമരമുഖത്തുള്ള വിമുക്ത ഭടന്‍മാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഒപ്പം ചേര്‍ന്നു. സമരം 78 ദിവസം പിന്നിട്ട ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ജെത് മലാനി ഉന്നയിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ രാജ്യത്തിന്റെ ശത്രു എന്നാണു വിശേഷിപ്പിച്ചത്. ജയ്റ്റ്ലി വിമുക്ത ഭടന്‍മാരുടെയും ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും പരാജയപ്പെട്ടെന്നു തുറന്നു സമ്മതിക്കുന്നില്‍ ലജ്ജയുണ്ട്. രാഷ്ട്രീയം കളിക്കുന്നവര്‍ രാജ്യത്തെയും ജനങ്ങളെയും പൂര്‍ണമായും മറന്നിരിക്കുകയാണെന്നും റാം ജെത് മലാനി പറഞ്ഞു.

വാര്‍ഷിക പെന്‍ഷന്‍ പുതുക്കല്‍കൂടി ഉള്‍പ്പെടുത്തി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്നാണു സമരം നടത്തുന്ന വിമുക്തഭടന്‍മാരുടെ ആവശ്യം. ഡല്‍ഹി ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ ഒമ്പതു വിമുക്തഭടന്മാരും ഒരു യുദ്ധ രക്തസാക്ഷിയുടെ പിതാവുമാണ് ഇപ്പോള്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നത്. കേണല്‍ പുഷ്പേന്ദര്‍ സിംഗ്, ഹവീല്‍ദാര്‍ മേജര്‍ സിംഗ്, ഹവീല്‍ദാര്‍ അശോക് ചൌഹാന്‍, ഹവീല്‍ദാര്‍ സാഹിബ് സിംഗ്, മേജര്‍ പിയര്‍ ചന്ദ് റാണ, നായിക് ഉദയ് സിംഗ്, കമാന്‍ഡര്‍ എ.കെ ശര്‍മ, വിജയ് സിംഗ് യാദവ്, എസ്.ഡബ്ള്യു.ആര്‍ കേശവ് സിംഗ്, സാംവാള്‍ രാം യാദവ് എന്നിവരാണു നിരാഹാരം ഇരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.