രാജ്യത്തു മൂന്നിലൊന്നു പേര്‍ സ്കൂള്‍ കണ്ടിട്ടില്ല
Wednesday, September 2, 2015 11:11 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരും സ്കൂളിന്റെ പടി പോലും കയറിയിട്ടില്ലെന്നു പുതിയ സെന്‍സസ് വിവരം. സാക്ഷരതാ ക്ളാസുകളില്‍ ഉള്‍പ്പടെ ഒരു തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും പോയിട്ടില്ലാത്ത 41.45 കോടി ജനങ്ങളാണു രാജ്യത്തുള്ളത്. ആകെ 121 കോടി ജനസംഖ്യയുടെ 34.28 ശതമാനമാണിത്. ഇതില്‍ 24.23 കോടി വനിതകളുമാണ്. ദേശീയ ശരാശരിക്കു പുറമേ സംസ്ഥാനങ്ങളുടെ സ്ഥിതി വിവര കണക്കുകളിലും വനിതകളില്‍ ഏറിയ പങ്കും പള്ളിക്കൂടത്തിന്റെ പടിക്കു പുറത്താണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ സ്ഥിതി ഇക്കാര്യത്തില്‍ മെച്ചപ്പെട്ടതാണെങ്കിലും ആകെ ജനസംഖ്യയായ 3.34 കോടിയില്‍ 13.11 ശതമാനം (43.81 ലക്ഷം) ആളുകളും ഇവിടെ ഒരു തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തി നോക്കിയിട്ടു പോലുമില്ല. എങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഏറെ പിന്നില്‍ അല്ലെന്ന സൂചനയാണു പുതിയ കണക്കുകള്‍ നല്‍കുന്നത്.

കേരളത്തില്‍ നിന്ന് ആകെ ജനസംഖ്യയില്‍ 2.74 ലക്ഷം വനിതകള്‍ പള്ളിക്കൂടം എന്തെന്നു പോലുമറിയാതെ ഇപ്പോഴുമുണ്െടന്നാണു കണക്കുകള്‍ പറയുന്നത്. 15നും 34നും ഇടയില്‍ പ്രായമുള്ള 20,03898 പേരില്‍ 68773 പേര്‍ ഇതു വരെ സാക്ഷരതാ ക്ളാസുകളിലോ മറ്റൊരു തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോയിട്ടില്ല. ഇതില്‍ 43,008 പേര്‍ വനിതകളാണ്. ഗ്രാമീണ മേഖലയിലെ മാത്രം കണക്കുകളാണിത്. ജില്ല തിരിച്ചുള്ള കണക്കുകളില്‍ ആകെ ജനസംഖ്യയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് 1,95,453 പേര്‍ ഇതു വരെ ഒരു തരത്തിലുള്ള വിദ്യാഭ്യാസവും നേടിയിട്ടില്ല. കോട്ടയത്ത് സ്കൂളില്‍ പോയിട്ടേയില്ലാത്തവരുടെ കണക്ക് 1,27263 ആണ്.


വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. യുപിയില്‍ 8.10 കോടി ആളുകള്‍ ഇനിയും പള്ളിക്കൂടം കണ്ടിട്ടു പോലുമില്ലാത്തവരുടെ പട്ടികയില്‍ പെടുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 40.57 ശതമാനമാണിത്. ആകെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ ബീഹാറില്‍ 4.88 കോടി ആളുകളില്‍ 46.95 ശതമാനം ആളുകള്‍ പഠനത്തിന്റെ പടിക്കു പുറത്താണ്.

ആന്ധ്രപ്രദേശില്‍ 3.16 കോടി, രാജസ്ഥാന്‍ 2.87 കോടി, പശ്ചിമ ബംഗാളില്‍ 2.79 കോടി, മധ്യപ്രദേശില്‍ 2.74 കോടി, മഹാരാഷ്ട്രയില്‍ 2.72 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവരുടെ കണക്ക്. യുപിക്കും ബീഹാറിനും പുറമേ ആകെ സംസ്ഥാന ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ രാജസ്ഥാന്‍ 41.8 ശതമാനം, മധ്യപ്രദേശ് 37.18 ശതമാനം, ആന്ധ്രപ്രദേശ് 37.39 ശതമാനം, ചത്തീസ്ഗഡ് 36.36 ശതമാനം എന്ന നിരക്കില്‍ രാജ്യത്തെ 34.28 എന്ന ശതമാനത്തിനും മീതെ പള്ളിക്കൂടത്തില്‍ പോകാത്തവരുടെ കണക്കുകളുമായി മുന്നിട്ടു നില്‍ക്കുന്നു. കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ്. കര്‍ണാടകയില്‍ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവര്‍ ആകെ ജനസംഖ്യയായ 6.10 കോടിയില്‍ 1.90 കോടിയായി 31.24 ശതമാനമാണ്. തമിഴ്നാട്ടില്‍ ഇത് 25.02 ശതമാനവും ഒഡീഷയില്‍ 33.43 ശതമാനവും പശ്ചിമബംഗാളില്‍ 30.59 ശതമാനവും ഗുജറാത്തില്‍ 29.38 ശതമാനവുമാണ്. പുരുഷന്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ രാജ്യത്തെ വനിതകളില്‍ 58.37 ശതമാനം പേരും വിദ്യാഭ്യാസത്തിന്റെ പ്രാഥമീക പാഠങ്ങള്‍ പോലും നേടുന്നില്ലെന്നാണു കണക്കുകള്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.