ഉച്ചഭക്ഷണം കഴിച്ച 150 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
Thursday, September 3, 2015 12:30 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോയ്ക്കു സമീപം ഛിനഹാതില്‍ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 150 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുഗ്വാര്‍ ഗവണ്‍മെന്റ് സ്കൂളില്‍ അക്ഷയപാത്ര എന്ന സംഘടന വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചയുടന്‍ കുട്ടികള്‍ക്കു വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. 30 കുട്ടികളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നു ലക്നോയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്.എന്‍.യാദവ് അറിയിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു.


സംഭവത്തെത്തുടര്‍ന്നു സ്കൂളിലെത്തിയ രക്ഷിതാക്കള്‍ രോഷാകുലരായി. പ്രതിഷേധം അറിയിക്കാനായി സ്കൂള്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അധികൃതര്‍ ശേഖരിച്ചു.

ഒരു മാസത്തിനിടെ രണ്ടാംതവണയാണു സംസ്ഥാനതലസ്ഥാനത്തെ സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. ജൂലൈ 29ന് ആര്യനഗറിലെ പ്രൈമറി സ്കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ പാല്‍ കഴിച്ച 50 വിദ്യാര്‍ഥികള്‍ക്ക് അസുഖം ബാധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.