കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചൊവ്വാഴ്ച
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചൊവ്വാഴ്ച
Friday, September 4, 2015 12:06 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണഘടനയിലെ സുപ്രധാന മാറ്റം അടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി യോഗം അടുത്ത ചൊവ്വാഴ്ച ചേരും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റു പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ചു പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ച ചെയ്യാനിടയില്ല. നിലവിലെ സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷയായി തുടരണമെന്നാണു കോണ്‍ഗ്രസിലെ പ്രധാനികളുടെയും നിലപാട്. ഭാരവാഹിത്വ പദവികളില്‍ വനിതകളുടെയും പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ സംവരണം നിലവിലെ 20 ശതമാനത്തില്‍ നിന്നു 50 ശതമാനമായി കൂട്ടാനുള്ള തീരുമാനമാണു വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രധാന അജന്‍ഡ. ഇതോ ടൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി ചുരുക്കാനുള്ള ഭേദഗ തിക്കും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയേക്കും.

ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ യോഗത്തി ല്‍ ചര്‍ച്ചയാകും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അടക്കം രാജിയാവശ്യപ്പെട്ട ലളിത് മോദി, വ്യാപം കേസുകളില്‍ സ്വീകരിക്കേ ണ്ട തുടര്‍തന്ത്രങ്ങളും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും മുതിര്‍ന്ന നേതാക്കള്‍ ആലോചി ക്കും. പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതി ചെയ്യണമെങ്കില്‍ അതിനായി പ്രത്യേക എഐസിസി സ മ്മേളനം വിളിക്കേണ്ടതുണ്ട്. ഈ സമ്മേളനത്തിന്റെ തീയതി സംബന്ധിച്ചും പ്രവര്‍ത്തക സമിതി തീരുമാനമെടുത്തേക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ പാര്‍ട്ടിയുടെ കേന്ദ്രതെരഞ്ഞെടുപ്പു സമിതി ശിപാര്‍ശ ചെയ്തിരിക്കുന്ന ഭേദഗതികളാണു നേതൃയോഗത്തില്‍ വിശദമായ ചര്‍ച്ചയാവുക. നിലവിലുള്ള അംഗത്വ വിതരണ സമ്പ്രദായം മാറ്റുന്നതിനും നിര്‍ദേശമുണ്ട്. പോഷക സംഘടനകളില്‍ അംഗത്വമെടുക്കുന്നവര്‍ക്കു കോണ്‍ഗ്രസ് അംഗത്വം ലഭ്യമാക്കാനുള്ള ഭരണഘടനാ ഭേദഗതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഭേദഗതിക്കു അംഗീകാരം ലഭിച്ചാല്‍ എന്‍എസ്യുഐ, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, സേവാദള്‍ തുടങ്ങിയവയിലെ അംഗങ്ങളും കോണ്‍ഗ്രസില്‍ അംഗമാകാന്‍ യോഗ്യരാകും.


സംഘടനാ തെരഞ്ഞെടുപ്പു പ്രക്രിയ വൈകാതെ പൂര്‍ത്തിയാക്കി സോണിയയെ തന്നെ ഒരു തവണ കൂടി കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കാനാകും ധാരണ. വൈസ് പ്രസിഡന്റു പദവിയില്‍ രാഹുല്‍ തുടരുകയും ചെയ്യും. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പ്രവര്‍ത്തക സമിതിയില്‍ നേതൃമാറ്റം ഇപ്പോള്‍ ആലോചനയിലില്ല. സംഘടനാ കാര്യങ്ങളാണ് എട്ടാം തീയതിയിലെ പ്രവര്‍ത്തക സമിതി യോഗത്തിന്റെ പ്രധാന അജന്‍ഡയായി നിശ്ചയിച്ചിട്ടുള്ളത്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഡിസംബര്‍ 31നു മുമ്പു സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി അതിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണമെന്നാണു കമ്മീഷന്റെ നിര്‍ദേശം. അതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികളും നടപടിക്രമങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അംഗത്വവിതരണം നേരത്തേ ആരംഭിച്ചെങ്കിലും പിന്നീടിത് അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.