ഇന്ത്യ-യുഎഇ സംയുക്ത വ്യാവസായിക കൌണ്‍സില്‍ രൂപീകരിക്കും
ഇന്ത്യ-യുഎഇ സംയുക്ത വ്യാവസായിക കൌണ്‍സില്‍ രൂപീകരിക്കും
Friday, September 4, 2015 12:07 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് 75 കോടി ഡോളറിന്റെ നിക്ഷേപനിധി സ്വരൂപിച്ചു സംയുക്ത വ്യാവസായിക കൌണ്‍സില്‍ രൂപീകരിക്കും. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎഇ വിദേശകാര്യന്ത്രി ഷെയ്ക് അബ്ദുല്ല ബിന്‍ സഈദ് അല്‍ നഹ്യാനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ശാസ്ത്ര ഗവേഷണം, ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നാലു ധാരണാ പത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു.

അടുത്ത അഞ്ചു വര്‍ഷത്തിനിടെ രണ്ടും രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തില്‍ 60 ശതമാനത്തിന്റെ വര്‍ധന വരുത്താന്‍ സംയുക്ത വ്യാവസായ കൌണ്‍സില്‍ വഴി കഴിയുമെന്നാണു പ്രതീക്ഷ. ഇതിന്റെ ഭാഗമായി വാണിജ്യമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഒക്ടോബറില്‍ യുഎഇ സന്ദര്‍ശിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഷെയ്ക്ക് അബ്ദുള്ള ഇന്നലെ വൈകുന്നേരം കൂടിക്കാഴ്ച നടത്തി. പതിനൊന്നാമത് ഇന്ത്യ- യുഎഇ സംയുക്ത കമ്മീഷന്‍ യോഗത്തിനിടെയാണു രണ്ടു വിദേശകാര്യമന്ത്രിമാരും പുതിയ ധാരണകളിലെത്തിയത്. പരമാവധി മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നു വിദേശകാര്യ മന്ത്രാലയത്തിലെ മിഡില്‍ ഈസ്റിന്റെ ചുമതലയുള്ള സെക്രട്ടറി അനില്‍ വാധ്വ അറിയിച്ചു.

തീവ്രവാദത്തിനെതിരായ പോരാട്ടം ചര്‍ച്ചകളില്‍ മുഖ്യവിഷയമായി. ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) അടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തട സപ്പെട്ടു കിടന്ന ഗള്‍ഫ് സഹകരണ കൌണ്‍സിലുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലുള്ള താത്പര്യം ഇന്ത്യ അറിയിച്ചു. ഐടി, ബാങ്കിംഗ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് ഏകീകൃത ലൈസന്‍സ് നല്‍കി യുഎഇയില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെ ന്ന ആവശ്യം ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇതിന് അനുകൂലമായ പ്രതികരണമാണ് യുഎഇയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അനില്‍ വാധ്വ പറഞ്ഞു.


ഇന്ത്യക്കു നല്‍കിവരുന്ന പ്രകൃതിവാതകത്തിന്റെ അളവു വര്‍ധിപ്പിക്കണമെന്ന ആവശ്യവും യുഎഇ പരിഗണിക്കും. വ്യോമയാന രംഗത്തെ സഹകരണം സംബ ന്ധി ച്ചു വൈകാതെ വിശദമായ ചര്‍ച്ച നടത്തും.

റാസല്‍ ഖൈമയില്‍ നിന്നും ഇന്ത്യയിലേക്ക് 1400 സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കണമെന്ന എയര്‍ അറേബ്യയുടെ ആവശ്യം തത്ത്വത്തി ല്‍ ഇന്ത്യ അംഗീകരിച്ചതായും അനില്‍ വാധ്വ അറിയിച്ചു.

ആതുര സേവന രംഗത്തെ സഹകരണം ശക്തിപ്പെടുത്താനുള്ളതാണ് മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി ആശുപത്രി ശൃംഖലകളുള്ള ഇന്ത്യയിലെ പ്രമുഖ കമ്പനികളെ യുഎഇയിലേക്ക് ഷെയ്ക് അബ്ദുള്ള സ്വാഗതം ചെയ്തു. പ്രതിരോധ മേഖലയിലെ സഹ കരണം ശക്തിപ്പെടുത്തും. പ്രതിരോധ നിര്‍മാണം, പരിശീലനം എന്നീ മേഖലകളിലാകുമിത്. ബഹിരാകാശ, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, പരിസ്ഥിതി, ആണവ സഹകരണം തുടങ്ങിയ മേഖലകളിലേക്കു കൂടി സഹകരണം വ്യാപിപ്പിക്കുന്നതു സംബ ന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. മസ്ദാര്‍ സിറ്റിയും നാഷണല്‍ സോളാര്‍ യൂണിവേഴ്സിറ്റിയും തമ്മില്‍ സൌരോര്‍ജ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സഹകരിക്കും. ആരോഗ്യ ടൂറിസം ശക്തിപ്പെടുത്താനും ധാരണയായി.

ഡല്‍ഹിലെ പാലം സൈനിക വിമനത്താവളത്തില്‍ ഇന്നലെ രാവിലെയെത്തിയ യുഎഇ വിദേശകാര്യമന്ത്രിയെ കേന്ദ്രപ്രതിരോധ, ആസൂത്രണ മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി റാവു ഇന്ദ്രജിത് സിംഗും വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. പ്രമുഖ വ്യവസായി എം.എ. യൂസഫലി ഉള്‍പ്പെടെ എണ്‍പതോളം പേരുടെ സംഘവും യുഎഇ വിദേശകാര്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. യൂസഫലിയാണു സംഘത്തിലുള്ള ഏക ഇന്ത്യന്‍ വ്യവസായി. ഷെയ്ക് അബ്ദുല്ല ഇന്നു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.