ഭീകരവിരുദ്ധ ബില്ലും ഭൂപരിധി ഭേദഗതി ബില്ലും പാസാക്കരുതെന്ന് കോണ്‍ഗ്രസ്
Sunday, October 4, 2015 11:38 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ പാസാക്കിയ ഭീകരവിരുദ്ധ ബില്ലായ ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം - ജിസിടിഒസി, ഭൂപരിധി ഭേദഗതി ബില്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കരുതെന്നു രാഷ്ട്രപതിയോടു കോണ്‍ഗ്രസ്.

തികച്ചും ഏകപക്ഷീയമായി പാസാക്കിയ രണ്ടു നിയമങ്ങളും തള്ളിക്കണയണമെന്നു എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രണാബ് മുഖര്‍ജിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

ഗുജറാത്ത് ഭീകരവിരുദ്ധ നിയമം പ്രാകൃതവും ജനവിരുദ്ധവുമാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കൃഷിഭൂമി പരിധി ഭേദഗതി ബില്‍ വ്യവസായികള്‍ക്കു ഗുണം ചെയ്യുന്നതിനു വേണ്ടിയാണെന്നും നിവേദനത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. പിസിസി അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കം 35 അംഗങ്ങള്‍ അടങ്ങിയതായിരുന്നു പ്രതിനിധി സം ഘം.

ഭൂമിപരിധി നിയമം നടപ്പിലാക്കിയാല്‍ ഗുജറാത്തിലെ അനേകായിരം ഭൂരഹിതര്‍ക്കുള്ള അവകാശങ്ങള്‍ വ്യവസായികളുടെ കൈകളിലെത്തുമെന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രതിപക്ഷ നേതാവ് ശങ്കര്‍സിംഗ് വഗേല പറഞ്ഞു. സംസ്ഥാനത്തു രാജകുടുംബങ്ങളുടെയും മറ്റും കൈവശമുള്ള അധികഭൂമി, ഭൂരഹിതരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വിതരണം ചെയ്യുന്നതാണു നിലവിലുള്ള നിയമം. ഈ നിയമത്തിലാണു വ്യവസായികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.


ജനാധിപത്യ, പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ രണ്ടു വിവാദ ബില്ലുകളും അംഗീകാരം നല്‍കാതെ തിരിച്ചയയ്ക്കണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. പൌരാവകാശങ്ങള്‍ ഹനിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്ന തങ്ങളുടെ ആവശ്യം പരിശോധിക്കാമെന്നു രാഷ്ട്രപതി ഉറപ്പു നല്‍കിയതായി വഗേല പറഞ്ഞു. ഗുജറാത്ത് നിയമസഭ പാസാക്കിയ വിവാദ ബില്ലുകള്‍ അടുത്തിടെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു.

ഗുജറാത്തിലെ വിവാദ ഭീകരവിരുദ്ധ ബില്ലായ ജിസിടിഒസി മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലും പദവിയിലിരുന്നപ്പോള്‍ അംഗീകാരം നല്‍കാതെ തിരിച്ചയച്ചതാണ്.

രണ്ടു രാഷ്ട്രപതിമാര്‍ തള്ളിയ ജനാധിപത്യ വിരുദ്ധ നിയമമാണു മൂന്നാം തവണ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ അഹന്ത വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നു ശങ്കര്‍ സിംഗ് വഗേല ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.