പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം
Wednesday, October 7, 2015 11:51 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണപത്രം കിട്ടുന്നവര്‍ക്കു മാത്രമായി അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനം പരിമിതപ്പെടുത്തി. ലോകമെങ്ങുമുള്ള ഇന്ത്യന്‍ വംശജര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ സംഘടിപ്പിക്കുന്ന പിബിഡി സമ്മേളനത്തില്‍നിന്നു ഫലത്തില്‍ ഇനി സാധാരണ പ്രവാസികള്‍ പുറത്താകും.

ഇതുവരെയുള്ള പിബിഡികളില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നുവെങ്കില്‍ അടുത്ത പിബിഡിയില്‍ രാഷ്ട്രപതിയുടെ സാന്നിധ്യവും ഒഴിവാക്കാനാണ് ആലോചന. വിദേശത്തു വലിയ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ വംശജര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും എല്ലാ വര്‍ഷവും നല്‍കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡുകളും അടുത്ത വര്‍ഷം ഉണ്ടായേക്കില്ലെന്നു സൂചനയുണ്ട്.

അടുത്ത പിബിഡി സമ്മേളനം 2016 ജനുവരി എട്ടു മുതല്‍ പത്തു വരെ ന്യൂഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി നടത്തുമെന്നു വിദേശ, പ്രവാസികാര്യമന്ത്രി സുഷമ സ്വരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി നഗരഹൃദയത്തിലെ ചാണക്യപുരിയില്‍ മുന്‍ പ്രവാസിമന്ത്രി വയലാര്‍ രവിയുടെ കാലത്തു നിര്‍മാണം തുടങ്ങിയ പുതിയ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ വച്ചായിരിക്കും അടുത്ത പിബിഡി സമ്മേളനം. അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ നവംബര്‍ 14, 15 തീയതികളില്‍ അടുത്ത റീജണല്‍ പിബിഡി നടത്തുമെന്നും മന്ത്രി അറിയിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണു പിബിഡിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ച് ഇഷ്ടക്കാര്‍ക്കു മാത്രമായി പ്രവാസി സമ്മേളനത്തിന്റെ രൂപവും ഭാവവും മാറ്റിയത്. എന്നാല്‍ പഴയ രീതിയില്‍ രജിസ്ട്രേഷനോടെ ഇഷ്ടമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാവുന്ന പിബിഡി സമ്മേളനം ഒന്ന് ഇടവിട്ട വര്‍ഷങ്ങളില്‍ നടത്തും. 2016ലെ സമ്മേളനം ക്ഷണിതാക്കള്‍ക്കു മാത്രമാകുമെങ്കില്‍ 2017ലെ സമ്മേളനത്തില്‍ പണം മുടക്കി രജിസ്റര്‍ ചെയ്യുന്ന പ്രവാസികള്‍ക്കെല്ലാം പങ്കെടുക്കാനാകും.


അടുത്ത ജനുവരിയിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയുള്ള പങ്കാളിത്തം ഒഴിവാക്കിയതായും സര്‍ക്കാരിന്റെ ക്ഷണപത്രം കിട്ടുന്നവര്‍ക്കു മാത്രമായി സമ്മേളനം പരിമിതപ്പെടുത്തിയതായും മന്ത്രി സുഷമ വ്യക്തമാക്കി. വിവിധ വിഷയങ്ങളിലെയും മേഖലകളിലെയും പ്രമുഖരുടെ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടിക വിദേശത്തെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളുമാകും തയാറാക്കുക. പ്രവാസി സമ്മേളനത്തേക്കാളേറെ ഓരോ വിഷയങ്ങളിലും വിദഗ്ധ പഠനത്തിനായാണു രജിസ്ട്രേഷന്‍ സമ്പ്രദായം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ അവസാനിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രവാസികള്‍ക്കും ഇന്ത്യക്കും പ്രയോജനകരമായ വിഷയങ്ങളാകും ചര്‍ച്ച ചെയ്യുക.

കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ജനുവരിയിലെ ഉദ്ഘാടന പ്ളീനറി സമ്മേളനത്തിനു ശേഷം 14 വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചാകും പിബിഡിയില്‍ ചര്‍ച്ചകള്‍ നടത്തുക. ഏഴോ, എട്ടോ വിദേശ വിദഗ്ധര്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നുള്ള രണ്േടാ, മൂന്നോ വിദഗ്ധരും ഓരോ ചര്‍ച്ചാസംഘത്തിലുമുണ്ടാകും. ഓരോ ഗ്രൂപ്പിന്റെയും പഠനറിപ്പോര്‍ട്ടുകള്‍ പിറ്റേന്നു തന്നെ അന്തിമമാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു സുഷമ സ്വരാജ് പറഞ്ഞു. 2016ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ നല്‍കുമോയെന്നു മന്ത്രി വ്യക്തമാക്കിയില്ല.

ഇന്ത്യയെ അറിയുക (ഭാരത് കോ ജാനിയേ) എന്ന വിഷയത്തില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ വംശജര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കുമായി ഓണ്‍ലൈന്‍ ക്വിസ് നടത്തുമെന്നു മന്ത്രി സുഷമ പറഞ്ഞു. പ്രവാസി ചെറുപ്പക്കാര്‍ക്കു മാത്രമായുള്ള ക്വിസ് പരിപാടിയിലെ ജേതാക്കള്‍ക്കു ജനുവരിയിലെ പിബിഡിയില്‍ സമ്മാനങ്ങള്‍ നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.