ഗോമാംസ നിരോധന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
Wednesday, October 7, 2015 11:54 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചകള്‍ വഴിത്തിരിവില്‍. കോണ്‍ഗ്രസിനു ധൈര്യമുണ്െടങ്കില്‍ കേരളത്തില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്താമോയെന്നു ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബാലിയന്‍ രംഗത്തെത്തി. ഗോവധ നിരോധനത്തിനുള്ള നടപടികള്‍ ആരംഭിച്ചതു തങ്ങളാണെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചോദിച്ചത്.

കേരളത്തില്‍ ഭരണം നടത്തുന്നതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞതു ബോധ്യത്തോടെയാണെങ്കില്‍ കേരളത്തില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ തയാറാകുമോയെന്നു മുസഫര്‍ നഗര്‍ കലാപത്തില്‍ ആരോപണവിധേയന്‍കൂടിയായ കേന്ദ്രമന്ത്രി ചോദിച്ചു. ദിഗ്വിജയ് സിംഗ് ഗോവധനിരോധനത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. പശുവിനെ കശാപ്പ് ചെയ്യുന്നതു കൂടുതലാണെന്നും ഉത്തര്‍പ്രദേശില്‍ അതു സംബന്ധിച്ച സംഘര്‍ഷം വളരെയധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഗോവധ നിരോധനം ശരിയായ വിധത്തില്‍ നടപ്പിലാക്കുന്നുണ്േടായെന്നു ഉറപ്പ് വരുത്തുന്നതു സംബന്ധിച്ച് ഭക്ഷ്യ ഉത്പന്ന കയറ്റുമതി ചെയ്യുന്ന അഥോറിറ്റിയുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ബീഫിന്റെ പേരില്‍ ഗോമാംസം കയറ്റി അയയ്ക്കുന്നുണ്േടായെന്നു പരിശോധിക്കുമെന്നും കേന്ദ്ര കൃഷിസഹമന്ത്രി വ്യക്തമാക്കി.


സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസാണെന്നും അത് ബിജെപി മനസിലാക്കണമെന്നുമായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന. രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്തുന്നതിനു കേന്ദ്ര നിയമം കൊണ്ടു വരികയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും എന്നാല്‍, സംസ്ഥാന വിഷയമായതിനാല്‍ അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. താന്‍ ഒരു ഹിന്ദുവാണ്. പക്ഷേ, ഗോമാംസം കഴിക്കാറില്ല. തന്റെ ആഗ്രഹം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാറുമില്ല. പക്ഷേ, ഇക്കാര്യത്തില്‍ അതിനാല്‍ നേതൃത്വം എടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ദിഗ്വിജയ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ഗോമാംസം കഴിച്ചെന്ന പേരില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തിന്റെ സംസ്കാരത്തിനും യോജിച്ച നടപടിയല്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് തന്നെയാണ് ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും അറിയിക്കുന്നതെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുള്ളയും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.