നെഹ്റു ജന്മവാര്‍ഷികം: ഡല്‍ഹിയില്‍ നവംബര്‍ 14ന് മഹാസമ്മേളനം
Thursday, October 8, 2015 12:04 AM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപനം ഡല്‍ഹിയില്‍ മഹാസമ്മേളനമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ആഘോഷ സമിതി കണ്‍വീനറുമായ എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പോഷക സംഘടനാ അധ്യക്ഷന്മാരുടെയും യോഗത്തിലാണ് നവംബര്‍ 14ന് മഹാസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ നവംബര്‍ 14 മുതല്‍ രാജ്യവ്യാപകമായി നടത്തിയ ഒരു വര്‍ഷത്തെ ആഘോഷ പരിപാടികളുടെ സമാപനമാകും ഡല്‍ഹിയില്‍ നടക്കുക. മഹാസമ്മേളനത്തിനു പുറമേ അന്നു വൈകുന്നേരം സാംസ്കാരിക പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.


ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സ്റേഡിയത്തില്‍ മഹാസമ്മേളനവും നെഹ്റുപാര്‍ക്കില്‍ സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കാനാണ് തീരുമാനം.

ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ മാതൃകയില്‍ അതേദിവസം എല്ലാ സംസ്ഥാനങ്ങളിലും അതാത് പിസിസികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് കേരളം അടക്കമുള്ള പിസിസികള്‍ സമര്‍പ്പിച്ച രൂപരേഖയ്ക്ക് യോഗം അംഗീകാരം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.