അശോക് വാജ്പേയി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി
അശോക് വാജ്പേയി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി
Thursday, October 8, 2015 11:38 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൌനത്തില്‍ പ്രതിഷേധിച്ചു സാഹിത്യകാരി നയന്‍താര സേഗാളിനു പിന്നാലെ പ്രശസ്ത ഹിന്ദി കവിയും മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാനുമായ അശോക് വാജ്പേയി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കി. എഴുത്തുകാര്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ട സമയമാണിതെന്ന് അശോക് വാജ്പേയി പറഞ്ഞു. നയന്‍താര സ്വീകരിച്ച ധീരമായ നിലപാട് അംഗീകരിക്കേണ്ടതാണ്. എഴുത്തുകാര്‍ക്കിടയില്‍നിന്നും അവര്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട് അതിനാലാണ് താന്‍ അവാര്‍ഡ് തിരിച്ചു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വാക്ചാതുര്യം മാത്രമേയുള്ളൂ. അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുമായി സംവദിക്കുന്നുണ്ട്. അതേസമയം, തന്നെയാണ് സാധാരണക്കാരും എഴുത്തുകാരും അകാരണമായി ഇന്ത്യയില്‍ കൊല്ലപ്പെടുന്നത്. കേന്ദ്രമന്ത്രിമാരടക്കം വര്‍ഗീയപരമായ പ്രതിഷേധാര്‍ഹമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഇന്ത്യയെപോലുള്ള ഒരു രാജ്യത്തെ ജനങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കതെ രാജ്യത്ത് അനീതികള്‍ക്കെതിരേ മൌനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ഭിന്നസ്വരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരി നയന്‍താര സേഗാള്‍ കഴിഞ്ഞ ദിവസമാണ് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയത്.

രാജ്യത്തിന്റെ വൈവിധ്യത്തിനു ബൌദ്ധികസംവാദങ്ങള്‍ക്കും നേരെ നടക്കുന്നത് ഹീനമായ അക്രമമാണെന്നും ഇത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കാണിച്ചാണ് സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുനല്‍കുകയാണെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ പുത്രിയാണ് നയന്‍താര സേഗാള്‍. 1986ലാണ് ഇവര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.