ബീഫ് ഫെസ്റ്: കാഷ്മീര്‍ നിയമസഭയില്‍ എംഎല്‍എയ്ക്കു മര്‍ദനം
ബീഫ് ഫെസ്റ്: കാഷ്മീര്‍ നിയമസഭയില്‍ എംഎല്‍എയ്ക്കു മര്‍ദനം
Friday, October 9, 2015 12:15 AM IST
ശ്രീനഗര്‍: ജമ്മു-കാഷ്മീര്‍ എംഎല്‍എ ഹോസ്റല്‍ പരിസരത്ത് ഗോമാംസം വിളമ്പിയ സ്വതന്ത്ര എംഎല്‍എ ഷേക്ക് അബ്ദുള്‍ റാഷിദിനെ ഇന്നലെ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ കയ്യേറ്റംചെയ്തു. ഇതേത്തുടര്‍ന്നു നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച റാഷിദിന്റെ പരാതി കേള്‍ക്കാന്‍ സ്പീക്കര്‍ തയാറായില്ല. ബീഫ് നിരോധനത്തിനെതിരേയുള്ള ബില്‍ ചര്‍ച്ചയ്ക്ക് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബില്‍ എടുക്കാതെ നിയമസഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത് പ്രതിഷേധത്തിനിടയാക്കി.

സഭ നിര്‍ത്തിവയ്ക്കാന്‍ പോകുന്നുവെന്ന് തോന്നിയപ്പോള്‍ നടുത്തളത്തില്‍ ഇരുന്ന റാഷിദ് സ്പീക്കറുടെ പക്കലുണ്ടായിരുന്ന ഫയലുകളും പേപ്പറുകളും പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, വാച്ച് ആന്‍ഡ് വാര്‍ഡ് അദ്ദേഹത്തെ തടഞ്ഞു. നിയമസഭ അഞ്ചുമണിവരെയെങ്കിലും നടത്തണമെന്നും ബില്‍ ചര്‍ച്ചയ്ക്കെടുക്കണമെന്നും മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത വഴങ്ങിയില്ല. ഉച്ചകഴിഞ്ഞ് 1.30ന് സഭനിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.