വ്യോമസേനയിലെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതകളും
വ്യോമസേനയിലെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതകളും
Friday, October 9, 2015 12:15 AM IST
ഹിന്‍ഡോണ്‍ എയര്‍ബേയ്സ്(യുപി): യുദ്ധവിമാനങ്ങളില്‍ പൈലറ്റുമാരായി വനിതകളെ നിയമിക്കാന്‍ വ്യോമസേന ആലോചിക്കുന്നു. ചരക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താന്‍ ഇപ്പോള്‍ത്തന്നെ വനിതാ ഓഫീസര്‍മാര്‍ വ്യോമസേനയിലുണ്ട്.

യുദ്ധവിമാനങ്ങളിലേക്കുകൂടി ഇവരുടെ സേവനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരുപ് റാഹ പറഞ്ഞു. സ്ത്രീകള്‍ യുദ്ധവിമാനം പറത്തുന്നതില്‍ ഒരു തരത്തിലുള്ള അസാധാരണത്വവും തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ 83-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ രണ്ടു മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകളെ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി നിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സുരക്ഷാപ്രശ്നങ്ങള്‍ സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ സ്ത്രീകളെ യുദ്ധമുന്നണിയില്‍ നിയോഗിക്കില്ലെന്നു നേരത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.