ജന്മഗ്രാമത്തിലേക്കു തിരിച്ചെത്തുമെന്നു അഖ്ലാഖിന്റെ കുടുംബം
Friday, October 9, 2015 12:23 AM IST
ലക്നോ: ജന്മഗ്രാമമായ ബിഷാദയില്‍നിന്ന് സ്ഥിരമായി വിട്ടുനില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം. ഗോമാംസം വീട്ടില്‍ പാകംചെയ്തു കഴിച്ചുവെന്നാരോപിച്ചു കൊലചെയ്യപ്പെട്ട അഖ്ലാഖിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കഴിഞ്ഞദിവസം ബിഷാദയില്‍നിന്നു ഡല്‍ഹിയിലേക്കു പോയിരുന്നു. അഞ്ചുതലമുറകളായി ബിഷാദയിലാണു തങ്ങളുടെ കുടുംബം താമസിക്കുന്നതെന്ന് അഖ്ലാഖിന്റെ മൂത്ത സഹോദരന്‍ ജാമില്‍ പറഞ്ഞു. മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ അഖ്ലാഖിന്റെ കുടുംബം നാട്ടിലേക്കു തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഖ്ലാഖിന്റെ കുടുംബത്തിനു മുഴുവന്‍ സമയ സുരക്ഷ ഉറപ്പാക്കുമെന്നു ഗൌതംബുദ്ധനഗര്‍ കളക്ടര്‍ നാഗേന്ദ്ര പ്രസാദ് സിംഗ് അറിയിച്ചിട്ടുണ്ട്.

അഖ്ലാഖിനൊപ്പം ആക്രമണത്തിനു വിധേയനായ ഇളയമകന്‍ ഡാനിഷ് സുഖംപ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നോയിഡയിലെ ആശുപത്രില്‍ അതീവതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന് ഡാനിഷിനെ ഇന്നലെ മുറിയിലേക്കു മാറ്റി. കുടുംബാംഗങ്ങളുമായി യുവാവു സംസാരിക്കുകയും ചെയ്തു.


അതിനിടെ ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരസ്യമാക്കിയതിനു രണ്ടുപേരെ പോലീസ് അറസ്റ് ചെയ്തു. മതസൌഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളുടെ പേരില്‍ ജെവാര്‍, സുര്‍ജാപുര്‍ നിവാസികളെയാണ് പിടികൂടിയതെന്ന് ജില്ലാകലക്ടര്‍ എന്‍.പി. സിംഗ് അറിയിച്ചു.

പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണപ്രത്യാരോപണങ്ങള്‍ കൊഴുക്കുകയാണ്. അഖ്ലാഖിന്റെ കൊലപാതകം ഒരു പ്രത്യേകപാര്‍ട്ടിയിലെ മൂന്നുപേരുടെ ഗൂഢാലോചനയെത്തുടര്‍ന്നുണ്ടായതാണെന്നു സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ആരോപിച്ചു. സ്വകാര്യമായി താന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും

സ്ഥിരീകരണത്തിനായി പാര്‍ട്ടി പ്രതിനിധികള്‍ ബിഷാദയിലെത്തുമെന്നും മുലായം അറിയിച്ചു. സംഭവത്തിനു പിന്നില്‍ ഇവരാണെന്നു കണ്െടത്തിയാല്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെടുമെന്നും മുലായം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.