രവീന്ദ്ര ജയിന്‍ അന്തരിച്ചു
രവീന്ദ്ര ജയിന്‍ അന്തരിച്ചു
Saturday, October 10, 2015 12:35 AM IST
മുംബൈ: സംഗീതംകൊണ്ട് അന്ധതയെ തോല്‍പ്പിച്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ രവീന്ദ്ര ജയിന്‍(71) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 4.10ന് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായറാഴ്ച സംഗീതപരിപാടിക്കായി നാഗ്പൂരിലെത്തിയ ജയിനെ ശരീരാസ്വാസ്ഥ്യത്തെടുര്‍ന്നു വോക്ക്ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെത്തുടര്‍ന്നു വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ പിന്നീട്, എയര്‍ആംബുലന്‍സില്‍ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍നിലനിര്‍ത്തി വരുകയായിരുന്നെങ്കിലും മരണം സംഭവിച്ചു. ജൂഹുവിലെ അജിവാസന്‍ ഹാളില്‍ ഇന്നു രാവിലെ 11ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിനു സാന്താക്രൂസ് ശ്മശാനത്തില്‍ സംസ്കരിക്കും. ദിവ്യയാണു ഭാര്യ. മകന്‍: ആയുഷ്.


ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനെ ഹിന്ദിയിലെത്തിച്ചത് ഇദ്ദേഹമാണ്. ഗോരിതെരാ ഗാവ്, ജബ് ദീപ് ജലേ ആനാ, ഓ ഗോരിയാ രേ, ബീതി ഹുയി രാത് കി തുടങ്ങിയ, യേശുദാസ് ആലപിച്ച ഹിന്ദി ഗാനങ്ങള്‍ ജയിന്‍ എന്ന അനശ്വര സംഗീതസംവിധായകന്റെ സൃഷ്ടികളാണ്. സുജാത (1977), സുഖം സുഖകരം (1994), ആകാശത്തിന്റെ നിറം (2012) എന്നീ മൂന്നു ചിത്രങ്ങളിലായി മലയാളത്തില്‍ 12 ഗാനങ്ങള്‍ ജയിന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

എഴുപതുകളിലെ ഹിറ്റുകളായ ചോര്‍ മചായേ ഷോര്‍, ഗീത് ഗാതാ ചല്‍, ചിറ്റ്ചോര്‍ തുടങ്ങിയവയ്ക്കും രാം തേരി ഗംഗാ മൈലി, ദോ ജാസൂസ്, ഹെന്ന തുടങ്ങിയ രാജ്കപൂറിന്റെ ഹിറ്റ് ചിത്രങ്ങള്‍ക്കും ഇദ്ദേഹമാണു സംഗീതം നല്കിയത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ഐതീഹ്യസിനിമകള്‍ക്കും ഇദ്ദേഹം സംഗീതം നല്കി. ജയിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.