ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
Saturday, October 10, 2015 12:43 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കേസുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരേ ആക്ഷേപങ്ങള്‍ ഉന്നയിച്ച എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനു സുപ്രീംകോടതിയുടെ പരസ്യമായ ശാസന. കോടതിയിലുണ്ടായിരുന്ന സതീഷിനെ മുന്നിലേക്കു വിളിച്ചുനിര്‍ത്തിയാണ് കടുത്ത ഭാഷയില്‍ ശാസിച്ചത്. ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ നിങ്ങളുടെ രാഷ്ട്രീയവും തത്വശാസ്ത്രവും കൊണ്ടുവരേണ്െടന്നു വിലക്കിയ കോടതി, സ്വയം വിപ്ളവകാരിയാകാന്‍ ശ്രമിക്കേണ്െടന്നും മുന്നറിയിപ്പ് നല്‍കി.

രാജകുടുംബത്തിലെ അംഗങ്ങളായ ട്രസ്റികള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തരെ മാറ്റിനിറുത്തി വിവേചനം സൃഷ്ടിക്കുകയാണെന്നും ഇത് സമൂഹത്തില്‍നിന്ന് തുടച്ചു നീക്കപ്പെട്ട തൊട്ടുകൂടായ്മ മടക്കി കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ സതീഷ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. രാജകുടുംബത്തിലെ അംഗങ്ങള്‍ അവരുടെ പക്ഷത്തു നില്‍ക്കാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും സതീഷ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ രാജകുടുംബത്തിനു ക്ഷേത്രത്തില്‍ ആചാരപരമായ എല്ലാ അവകാശങ്ങളുമുണ്െടന്നു ഉത്തരവിട്ടിട്ടുണ്െടന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റീസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരുടെ വിമര്‍ശനം. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറെന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ശ്രമിക്കേണ്ട. ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് അതു ചെയ്യേണ്ടത്. തൊട്ടുകൂടായ്മ മടക്കി കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനുള്ള ശിക്ഷ ആറ് മാസമാണെന്നുമുള്ള പ്രഭാഷണങ്ങള്‍ കോടതിയില്‍ എഴുന്നള്ളിക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങള്‍ കോടതിക്ക് നന്നായി അറിയാം. സമൂഹത്തില്‍ ഒറ്റ ദിവസം കൊണ്ടു മാറ്റങ്ങളുണ്ടാക്കാന്‍ നോക്കണ്ട.


രാജകുടുംബങ്ങള്‍ക്കു നല്‍കി വന്നിരുന്ന അവകാശങ്ങളും അധികാരങ്ങളും ചിലപ്പോള്‍ മാറ്റിയെന്നിരിക്കും. അന്നു നിങ്ങള്‍ പറഞ്ഞതു പോലെയാണെന്നും വരാം. എന്നാല്‍, കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതു നിങ്ങളുടെ പണിയല്ല. ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ തത്സ്ഥാനത്തുനിന്നു നീക്കുമെന്നും ജസ്റീസ് ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കി. സത്യവാങ്മൂലം പിന്‍വലിച്ചു പുതിയതു സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കോടതി അനുവദിച്ചു. തെളിവുകളുണ്െടങ്കില്‍ രാജകുടുംബത്തിനെതിരേ ആരോപണങ്ങളും ഉന്നയിക്കാം. സത്യവാങ്മൂലം പരിശോധിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

എക്സിക്യൂട്ടീവ് ഓഫീസര്‍ സ്വന്തം ഇഷ്ടപ്പെട്ട പ്രകാരമാണു ക്ഷേത്രത്തില്‍ നിയമനങ്ങള്‍ നടത്തിയതെന്നു രാജകുടുംബം വാദീച്ചങ്കിലും നിയമനങ്ങള്‍ക്കു ഭരണസമിതിയുടെ അനുമതിയുണ്ടായിരുന്നുവെന്ന സതീഷിന്റെ വാദം കോടതി അംഗീകരിച്ചു. അനാവശ്യമായി എല്ലാ കാര്യങ്ങളിലും കുറ്റം കണ്െടത്തുന്ന രാജകുടുംബത്തിന്റെ നടപടിയെയും കോടതി കുറ്റപ്പെടുത്തി. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ശ്രമിക്കാതെ സുഗമമായ നടത്തിപ്പിനു വഴിയൊരുക്കുകയാണ് രാജകുടുംബം ചെയ്യേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്ര ട്രസ്റിന്റെ കണക്കുകളില്‍ ക്രമക്കേടുണ്െടന്നു മുന്‍ സിഎജി വിനോദ് റായി വ്യക്തമാക്കിയിട്ടുണ്െടന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ട്രസ്റിന്റെ 2008 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ വിനോദ് റായിക്കും ജസ്റീസ് ടി.എസ്. ഠാക്കുര്‍ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.