ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 57 ശതമാനം പോളിംഗ്
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 57 ശതമാനം പോളിംഗ്
Tuesday, October 13, 2015 12:12 AM IST
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെറിയപതിപ്പായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 49 മണ്ഡലങ്ങളിലെ 586 സ്ഥാനാര്‍ഥികളുടെ വിധി ഇന്നലെ നിര്‍ണയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ഉച്ചയോടെ 33.13 ശതമാനമായി. 54 വനിതകളും മത്സരരംഗത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ 27 ശതമാനവും ഉച്ചകഴിഞ്ഞ് രണ്ടിന് 46 ശതമാനമായും പോളിംഗ് ഉയര്‍ന്നു. അഞ്ചുമണിക്ക് 57 ശതമാനം പേര്‍ സമ്മതിദാനം വിനിയോഗിച്ചു. ഇവരില്‍ 59.5 ശതമാനം വനിതകളും 54.5 ശതമാനം പുരുഷന്മാരുമാണ്.

ബിജെപിയുടെ എന്‍ഡിഎ സഖ്യവും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി-യു- ആര്‍ജെഡി- കോണ്‍ഗ്രസ് വിശാല മതേതരസഖ്യവും തമ്മിലാണ് പ്രധാനമത്സരം. ബിഹാര്‍ തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദി- നിതീഷ് പോരാട്ടമെന്നു വിലയിരുത്തുന്നവരുണ്ട് അഞ്ചരക്കോടി പൌരന്മാരുള്ള ബിഹാര്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്ത് നാലാംസ്ഥാനത്താണ്. ജമുയി, ബങ്ക, ലഖിസരായി, നവാഡ, മുംഗര്‍ തുടങ്ങി 13 നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്.പോളിംഗ് സമാധാനപരമായിരുന്നുവെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു.

ഇതിനിടെ, ചകായി മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥി വിജയ്കുമാര്‍ സിംഗിനുനേരേ അജ്ഞാതര്‍ വെടിയുതിര്‍ത്തെങ്കിലും അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലിന് മഹേശ്വരി വില്ലേജിലെ ബുത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിജയകുമാര്‍ സിംഗ്. ഓടിരക്ഷപ്പെട്ട അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ജമുവിയ ജില്ലയിലെ സോനോ പോലീസ് സ്റേഷന്‍ ഉള്‍പ്പെടുന്ന പ്രദേശം നക്സല്‍ ബാധിത പ്രദേശമാണ്.

അതേസമയം, ബിഹാര്‍ നഗരവികസന മന്ത്രി അവദേശ് പ്രസാദ് കുശ്വാഹയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തതായി ജെഡി-യു അധ്യക്ഷന്‍ ശരദ് യാദവ് അറിയിച്ചു. മുംബൈയിലെ ഒരു വ്യാപാരിയില്‍നിന്നു മന്ത്രി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണു നടപടി. മന്ത്രിയുടെ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചെന്നും ശരദ് യാദവ് പറഞ്ഞു. കുശ്വാഹയ്ക്കെതിരേ അന്വേഷണം നടത്താന്‍ വരുമാന നികുതി വകുപ്പിനോട് ആവശ്യപ്പെട്ടാതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.


സംസ്ഥാനത്ത് അത്രവലിയ സ്വാധീനമില്ലെങ്കിലും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 41 സീറ്റിലാണു മത്സരിക്കുന്നത്. 1997 ല്‍ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം ലഭിച്ച ബിഎസ്പിക്ക് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടിയിരുന്നില്ല. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ബിഎസ്പിക്കു ശക്തമായ തിരിച്ചടി കിട്ടി. ഹരിയാനയിലെ പ്രിത്ലയില്‍ ഒരു സീറ്റുമാത്രമാണ് ബിഎസ്പിക്കു നേടാനായത്. അതിനാല്‍, ദേശീയ പാര്‍ട്ടിയെന്ന ലേബല്‍ രക്ഷിക്കാന്‍ എട്ടു ശതമാനം വോട്ടെങ്കിലും ബിഎസ്പി ക്കു ലഭിക്കണം. 243 സീറ്റിലും ബിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ബിജെപി 27 സീറ്റിലും ജെഡി-യു 24 സീറ്റിലും ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി 17 സീറ്റിലും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 13 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് എട്ട് സീറ്റിലും രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി ആറു സീറ്റിലും സിപിഐ 25 സീറ്റിലും സിപിഎം 12 സീറ്റിലും മത്സരിക്കുന്നു. 34 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ ഖഗാറിയ മണ്ഡലമാണ് പോളിംഗില്‍ മുന്നില്‍. ഏറ്റവും കുറവ് വോട്ടിംഗ് സമഷ്ടിപുരിലാണ്. 9 ശതമാനം. യാദവരും കുര്‍മികളും കുശ്വാഹയും ഉള്‍പ്പെടുന്ന വോട്ടര്‍മാരിലെ ഭൂരിപക്ഷമായ ഒബിസി സമുദായംഗങ്ങള്‍ ജനസംഖ്യയില്‍ 51 ശതമാനം വരും. ദുസദ്, മുസദാര്‍ സമുദായങ്ങള്‍ ഉള്‍പ്പെടുന്ന മഹാദളിത്, ദളിത് വിഭാഗങ്ങളും മുസ്ലിംകളും ജനസംഖ്യയില്‍ 16 ശതമാനം വീതവും, ഭൂമിഹാര്‍,ബ്രാഹ്മണര്‍, രജ്പുത് സമുദായങ്ങളുള്‍പ്പെടുന്ന മുന്നോക്ക ജാതിക്കാര്‍ 15 ശതമാനവുമാണ്. ആദിവാസികള്‍ 1.3 ശതമാനവും ക്രൈസ്തവരുള്‍പ്പെടെയുള്ള സിക്ക്, ജൈന മതവിഭാഗങ്ങള്‍ 0.4 ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.