ടിബറ്റില്‍ ചൈനീസ് ജലവൈദ്യുത പദ്ധതി റെഡി; ഇന്ത്യക്ക് ആശങ്ക
ടിബറ്റില്‍ ചൈനീസ് ജലവൈദ്യുത പദ്ധതി റെഡി; ഇന്ത്യക്ക് ആശങ്ക
Wednesday, October 14, 2015 12:36 AM IST
ന്യൂഡല്‍ഹി: ടിബറ്റില്‍ ബ്രഹ്മപുത്ര നദിയില്‍ അണകെട്ടി ചൈന രൂപംകൊടുത്ത സാംഗ്മു (സാം) ജലവൈദ്യുത പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഭാഗികമായി കമ്മീഷന്‍ ചെയ്ത പദ്ധതി ഇന്നലെ പൂര്‍ണതോതിലായി.

ടിബറ്റില്‍ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ളാദേശിലൂടെ സമുദ്രത്തിലേക്കു നീങ്ങുന്നതാണു ബ്രഹ്മപുത്ര. ചൈനയുടെ അണക്കെട്ടും വൈദ്യുതി ഉത്പാദനവും ബ്രഹ്മപുത്രയിലെ ജലമൊഴുക്കു കുറയ്ക്കുമെന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്.

ആശങ്ക അസ്ഥാനത്താണെന്നു ചൈന പറയുന്നു. ഒഴുകുന്ന നദിയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തുന്ന വെള്ളം വൈദ്യുതി ഉത്പാദിപ്പിച്ചശേഷം നദിയിലേക്കുതന്നെ ഒഴുക്കുന്നു എന്നാണു ചൈന വിശദീകരിക്കുന്നത്.

നാലുവര്‍ഷം മുമ്പാണു ചൈന ഈ പദ്ധതി തുടങ്ങിയത്. 2013ല്‍ ഇന്ത്യ ഒരു മന്ത്രിതല സമിതിയെ വച്ചു പ്രശ്നം പഠിച്ചു. വേറെ പല ഡാമുകളും ജലവൈദ്യുത പദ്ധതികളും ചൈന യാര്‍ലുംഗ് സാംഗ്പോ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ പേര്)യില്‍ നിര്‍മിക്കുന്നുണ്ട്. അതിനാല്‍ നിരന്തര ജാഗ്രത വേണമെന്നു സമിതി നിര്‍ദേശിച്ചു. തുടര്‍ന്നു ചൈനയുമായി ബന്ധപ്പെട്ടപ്പോള്‍ ബ്രഹ്മപുത്രയിലെ പ്രളയനില സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നു സമ്മതിച്ചു.


ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍നിന്ന് 140 കിലോമീറ്റര്‍ അകലെയാണു സാംഗ്മു. ചിയേഷു, ചിയാച്ച എന്നീ പദ്ധതികള്‍കൂടി ഈ മേഖലയില്‍ പണിയുന്നുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ.

സാംഗ്മു പദ്ധതി

സമുദ്രനിരപ്പില്‍നിന്ന് 3,300 മീറ്റര്‍ ഉയരത്തിലാണു ഡാം. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ജലവൈദ്യുതപദ്ധതി. ചെലവ് 150 കോടി ഡോളര്‍ (ഏകദേശം 10,000 കോടി രൂപ). പ്രതിവര്‍ഷ ഉത്പാദനം 250 കോടി യൂണിറ്റ് വൈദ്യുതി. ഇതു ടിബറ്റില്‍നിന്നു കിംഗ്ഹായ് പ്രവിശ്യയിലേക്കു കൊണ്ടുപോകും.

ഇന്ത്യക്കു ഭീഷണി

ടിബറ്റിലെ ചൈനീസ് ജലവൈദ്യുത പദ്ധതികള്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ പണിയാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കുള്ള വെള്ളത്തിന്റെ ലഭ്യത കുറയ്ക്കും എന്നാണു ഭീതി. അപ്പര്‍ സിയാംഗ്, ലോവര്‍ സുഹാംശ്രീ എന്നീ പദ്ധതികളാണ് ഇന്ത്യ തയാറാക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.