ബിജെപി-ശിവസേന ബന്ധം ഉലയുന്നു
ബിജെപി-ശിവസേന ബന്ധം ഉലയുന്നു
Wednesday, October 14, 2015 12:38 AM IST
മുംബൈ: പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങള്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു. വരാനിരിക്കുന്ന കല്യാണ്‍-ഡോംബിവില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ശിവസന തീരുമാനിച്ചതു വിവാദസംഭവങ്ങള്‍ക്കു പിന്നാലെയായിരുന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തും സഖ്യം തുടരുകയാണെങ്കിലും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനാണു ചൊവ്വാഴ്ച രാത്രി ചേര്‍ന്ന സേനാ നേതാക്കളുടെ യോഗം തീരുമാനിച്ചത്. സുധീന്ദ്ര കുല്‍ക്കര്‍ണിയെ കരിപൂശിക്കൊണ്ട് പുസ്തക പ്രകാശന ച ടങ്ങിനോട് ശിവസേന പ്രതിഷേധിച്ചതു സംസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയോടുള്ള പ്രതികരണം പോലെയായിരുന്നു സേനയുടെ തീരുമാനം. മുംബൈയോടു തൊട്ടുരുമ്മി നില്‍ക്കുന്ന ഉപനഗരങ്ങളാണു കല്യാണും ഡോംബിവിലിയും. നവംബര്‍ ഒന്നിനു നടത്തുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളിലേക്കും സേനാ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. എന്നാല്‍, സഖ്യം സംബന്ധിച്ച തീരുമാനത്തിനു പ്രാദേശിക ബിജെപി നേതൃത്വത്തെയാണു ചുമതലപ്പെടുത്തിയിരിക്കുന്നതെന്നു മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് റാവുസാഹിഹ് ദാന്‍വി പറഞ്ഞു.

പ്രാദേശികഘടകത്തിനുമേല്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയായ ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ശിവസേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. വിദേശനയ പഠന സ്ഥാപനമായ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൌണ്േടഷന്‍ ചെയര്‍മാനായ കുല്‍ക്കര്‍ണി പ്രകാശനചടങ്ങിനു പോകുന്നതിനുമുമ്പ് രാവിലെ മാട്ടുംഗയിലെ വീടിനു സമീപമുള്ള റോഡിലായിരുന്നു ആക്രമണം. വൈകുന്നേരം കനത്ത സുരക്ഷയില്‍ പുസ്തകം പ്രകാശനം ചെയ്തു. കരിഓയില്‍വീണ് മുടിഒട്ടിപ്പിടിച്ചതിനാല്‍ തലമുണ്ഡനംചെയ്താണ് കുല്‍ക്കര്‍ണി വേദിയിലെത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി ഉള്‍പ്പെടെ രാഷ്ട്രീയനേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും, പുസ്തക പ്രകാശനത്തെ എതിര്‍ത്ത ശിവസേനാ നിലപാടിനെ ബിജെപി നിശിതമായി വിമര്‍ശിച്ചിരുന്നു.


പ്രകാശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സേനാ നേതാവ് സഞ്ജയ് റാവത്ത് രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയെ മനസിലാക്കുന്നതില്‍ ഫഡ്നാവിസ് പരാജയപ്പെട്ടുവെന്നും കസൂരിയെ പിന്തുണയ്ക്കുന്നതിലൂടെ മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും റാവത്ത് അഭിപ്രായപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.