അസഹിഷ്ണുത പടരുന്നു
Wednesday, November 25, 2015 12:34 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കേ രാജ്യത്തെ അസഹിഷ്ണുത ദേശീയ രാഷ്ട്രീയത്തില്‍ തീപിടിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തു നടക്കുന്ന സംഭവങ്ങള്‍ ഭീതിയുണ്ടാക്കുന്നുണ്െടന്നും തങ്ങളുടെ സുരക്ഷയ്ക്കായി നമ്മള്‍ ഇന്ത്യ വിട്ടുപോകേണ്ടി വരുമോയെന്നു തന്റെ ഭാര്യ ഇടയ്ക്കിടെ ചോദിക്കുന്നുണ്െടന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍ പരാമര്‍ശം നടത്തിയതിനു പിന്നാലെ ആമിര്‍ ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളും ബോളിവുഡ് താരങ്ങളും രംഗത്തെത്തി. മുസ്ലീംകള്‍ക്കു ജീവിക്കാന്‍ ഇന്ത്യയേക്കാള്‍ മികച്ച രാജ്യമില്ലെന്നും ആമിര്‍ ഖാന്‍ തന്റെ ആരാധകരെ അവഹേളിക്കുകയാണെന്നും ബിജെപിയും കേന്ദ്രസര്‍ക്കാരും കുറ്റപ്പെടുത്തി.

ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള രാംനാഥ് ഗോയങ്ക പുരസ്കാര വിതരണ ചടങ്ങില്‍ നടത്തിയ ആശയ സംവാദത്തിലാണ് കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി രാജ്യത്തു നടക്കുന്ന സംഭവങ്ങളില്‍ ബോളിവുഡ് സൂപ്പര്‍ താരം ആശങ്ക പ്രകടിപ്പിച്ചത്. ആമിര്‍ ഖാന്റെ പരാമര്‍ശത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, കിരണ്‍ റിജിജു, മുക്താര്‍ അബ്ബാസ് നഖ്വി, ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, ഋഷി കപൂര്‍ തുടങ്ങിയവര്‍ ആമിറിനെതിരേ വിമര്‍ശനമുന്നയിച്ചു.

രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥകള്‍ക്കെതിരേ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്നും അത് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആമിര്‍ ഖാനു പിന്തുണയുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായും ദേശവിരോധികളായും ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. ജനങ്ങളെ അസ്വസ്ഥരാക്കുന്നതെന്തെന്നു മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഭീഷണിപ്പെടുത്തിയോ കുറ്റപ്പെടുത്തിയോ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ലോകമാകെയുള്ള ജനങ്ങളും രാജ്യത്തുള്ളവരും പറയുന്ന കാര്യങ്ങളാണ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ മുമ്പില്‍ ആമിര്‍ ഖാന്‍ പറഞ്ഞതെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയും ചൂണ്ടിക്കാട്ടി.

എന്നാല്‍, ആമിര്‍ ഖാന്റെ പ്രസ്താവന രാജ്യത്തിന് അപമാനമുണ്ടാക്കിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം. തെറ്റിദ്ധാരണകളുടെ പേരില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തരുത്. സമൂഹത്തില്‍ പ്രശ്നങ്ങളുണ്െടങ്കില്‍ അതിനെ ഒരുമിച്ച് ചേര്‍ന്നു പരിഹരിക്കുകയാണ് വേണ്ടതെന്നും കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, അനാവശ്യമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് മറ്റുളളവരെ പരിഭ്രമിപ്പിക്കുകയാണ് ആമിര്‍ ഖാന്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി ഔദ്യോഗികമായി പ്രതികരിച്ചു. ആമിര്‍ ഖാന്‍ ഇന്ത്യയില്‍ സുരക്ഷിതനാണെന്നും അദ്ദേഹം ഇന്ത്യ വിട്ടുപോകേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, രാഷ്ട്രീയ പ്രേരിതമായി ഉയര്‍ന്നു വന്ന അസഹിഷ്ണുത പ്രചാരണങ്ങളാകും ഇത്തരത്തിലുള്ള പരാമര്‍ശത്തിനിടയാക്കിയതെന്നും അഭിപ്രായപ്പെട്ടു.


ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും മുസ്ലിംകള്‍ക്ക് നല്ല ജീവിത സൌകര്യം നല്‍കില്ലെന്നും ഹിന്ദുവിനെപ്പോലൊരു നല്ല അയല്‍ക്കാരനെ കിട്ടില്ലെന്നും ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. ഇന്ത്യയാണ് ആമിറിനെ താരമാക്കിയത് എന്ന കാര്യം മറക്കരുത്. ഇന്ത്യയെക്കാളും സുരക്ഷതമായ മറ്റൊരു രാജ്യം ആമിറിനു കിട്ടില്ല. മതത്തിന്റെ പേരില്‍ ഒരു താരത്തെയും അവഗണിക്കാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യ. ആമിര്‍ ഇന്ത്യ വിട്ടു പോവുകയാണെങ്കില്‍ അദ്ദേഹം എവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം അദ്ദേഹത്തിന് അസഹിഷ്ണുത മാത്രമേ കാണാനാകൂവെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ആമിര്‍ ഖാനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെയും അദ്ദേഹം വിമര്‍ശിച്ചു.ജനപ്രിയനായ ഒരു പ്രധാനമന്ത്രിയെയും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെയും സഹിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കൂടി പങ്കെടുത്ത പരിപാടിയിലാണ് അസിഷ്ണുത വിഷയത്തില്‍ ആമിര്‍ ഖാന്‍ തുറന്നടിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, നജ്മ ഹെപ്ത്തുള്ള, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, സംവാദത്തില്‍ ചര്‍ച്ച രൂക്ഷമാകുന്നതിനിടെ അരുണ്‍ ജയ്റ്റ്ലി പരിപാടിയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. അതിന്റെ ചിത്രം “ദീപിക’ ഇന്നലെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചത്.

അസഹിഷ്ണുത പ്രശ്നം നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാന വിഷയമാക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനു തടയിടാന്‍ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൌരത്വ വിവാദം വിഷയമാക്കാന്‍ ബിജെപി നീക്കം നടത്തുണ്െടങ്കിലും ആമിര്‍ ഖാന്‍ കൊളുത്തിയ വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയാക്കിയിരിക്കുകയാണ്.

രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പ്രസ്താവന നടത്തിയതു നരേന്ദ്ര മോദി സര്‍ക്കാരിനെ വല്ലാതെ വലച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഷാരൂഖിന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു.

അതിനിടെ, മുംബൈയിലെ ആമിറിന്റെ വസതിക്കു മുമ്പില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ആമിര്‍ ഖാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹ്രസ്വചിത്ര നിര്‍മാതാവായ ഉല്ലാസ് ഡല്‍ഹിയിലെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആമിര്‍ ഖാന്റെ സുരക്ഷ ശക്തമാക്കിയതായി കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.