'മറ്റു മതക്കാരോടൊപ്പം പാക്കിസ്ഥാനിലല്ല, ഗീത ജീവിക്കേണ്ടത് മാതൃരാജ്യത്ത് '
 മറ്റു മതക്കാരോടൊപ്പം പാക്കിസ്ഥാനിലല്ല, ഗീത ജീവിക്കേണ്ടത് മാതൃരാജ്യത്ത്
Wednesday, November 25, 2015 12:36 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പതിനഞ്ചു വര്‍ഷം പാക്കിസ്ഥാന്റെ സംരക്ഷണയില്‍ കഴിഞ്ഞതിനുശേഷം ഇന്ത്യയിലെത്തിച്ച ഗീതയുടെ മാതാപിതാക്കളെ കണ്െടത്താന്‍ കഴിയാത്തതില്‍ രാജ്യത്തിനകത്തുനിന്ന് പാക്കിസ്ഥാനില്‍നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നല്‍കിയ മറുപടിയില്‍ വിവാദ സ്വരം. മറ്റു മതവിഭാഗത്തില്‍ പെട്ടവരോടൊപ്പം വിദേശത്തു കഴിയുന്നതിലും നല്ലത് ഗീത മാതൃരാജ്യത്ത് സ്വന്തം ജനങ്ങളുടെ കൂടെ കഴിയുന്നതാണെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. ഗീതയുടെ യഥാര്‍ഥ ബന്ധുക്കളെ ഇതുവരെ കണ്െടത്താനായിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തില്‍ ഗീതയെ സന്ദര്‍ശിച്ച സുഷമ വ്യക്തമാക്കി. മാതാപിതാക്കളെ കണ്െടത്തുന്നതു വരെ ഗീത കേന്ദ്രസര്‍ക്കാരിന്റെ “പ്രത്യേക നിധി’ ആയിരിക്കുമെന്നാണ് സുഷമ പറഞ്ഞത്.

കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ ഇന്ത്യക്കു കൈമാറിയ ഗീത ഇപ്പോള്‍ ഇന്‍ഡോറില്‍ ബധിരര്‍ക്കും മൂകര്‍ക്കുമുള്ള പ്രത്യേക സ്ഥാപനത്തില്‍ കഴിയുകയാണ്. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക ഭാഷ പഠിക്കുന്നതിനൊപ്പം ഇവിടെ തൊഴില്‍ പരിശീലനവും നേടുന്നുണ്ട്. പാക്കിസ്ഥാനില്‍ ഇദ്ദി ഫൌണ്േടഷന്‍ എന്ന സംഘടനയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഗീതയെ ഇന്ത്യയില്‍ കൊണ്ടു വന്ന് വീണ്ടുമൊരു എന്‍ജിഒയുടെ സംരക്ഷണയ്ക്കു വിട്ടുകൊടുത്തതിനെതിരേ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ ഗീതയെ സംരക്ഷിച്ചിരുന്ന സംഘടന മൂകര്‍ക്കും ബധിരര്‍ക്കും വേണ്ടിയുള്ളതായിരുന്നില്ലെന്നാണ് സുഷമ സ്വരാജ് ഇതിനു മറുപടി നല്‍കിയത്. അവര്‍ ഇന്ത്യക്കാരുമായിരുന്നില്ല. ഇന്‍ഡോറില്‍ ഗീത കഴിയുന്നത് അവളെപ്പോലെ നിരവധി സമാനതകള്‍ ഉള്ളവരോടൊപ്പമാണ്. ഇവിടെ അവള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ആര്‍ജിക്കുകയും ഒറ്റയ്ക്കല്ലെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യും.

മറ്റൊരു രാജ്യത്ത് മറ്റൊരു മതവിശ്വാസത്തില്‍ പെട്ടവരോടൊപ്പം കഴിയുന്നതിനേക്കാള്‍ നല്ലത് മാതൃരാജ്യത്ത് സ്വന്തമെന്നു തോന്നുന്ന ആളുകളോടൊപ്പം കഴിയുന്നതാണെന്നുമായിരുന്നു സുഷമയുടെ വിശദീകരണം. പാക്കിസ്ഥാനില്‍ ഗീതയെ സംരക്ഷിച്ച ഇദ്ദി ഫൌണ്േടഷനോടു വലിയ നന്ദിയുണ്െടന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നേരിട്ടു കാണണം എന്ന ഗീതയുടെ ആഗ്രഹം ഉടന്‍ സാധിച്ചുകൊടുക്കുമെന്നും സുഷമ വ്യക്തമാക്കി. സല്‍മാന്‍ ഖാനെ കണ്ടു ഗീതയുടെ ആഗ്രഹം ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. താമസിയാതെ സല്‍മാന്‍ ഇന്‍ഡോറിലെത്തി ഗീതയെ കാണുമെന്നും എന്നാല്‍, എപ്പോഴാണെന്നു കൃത്യമായി പറയാന്‍ കഴിയില്ലെന്നുമാണ് സുഷമ സ്വരാജ് പറഞ്ഞത്.

അതിനിടെ, ഗീതയുടെ ബന്ധുക്കളെ കണ്െടത്താനുള്ള ഡിഎന്‍എ പരിശോധന ഫലത്തില്‍ ബിഹാറില്‍ നിന്നുള്ള മഹാതോ അല്ല പിതാവെന്നു തെളിയുകയും ചെയ്തിരുന്നു. ഗീതയുടെ മാതാപിതാക്കള്‍ എന്നവകാശപ്പെട്ടു രണ്ടു പേര്‍ കൂടി വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്് ഇവരുടെ ചിത്രങ്ങളുമായാണ് സുഷമ ഇന്‍ഡോറില്‍ ഗീതയെ കാണാനെത്തിയത്. ആദ്യം കാണിച്ച ഒരു മുസ്ലിം കുടുംബത്തിന്റെ ചിത്രം ഗീതയ്ക്കു തിരിച്ചറിയാനായില്ല. മറ്റൊരു ചിത്രത്തിലേക്ക് ഏറെ നേരം നോക്കിയെങ്കിലും പ്രതികരിച്ചില്ല. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഉത്ര ഗ്രാമത്തില്‍നിന്നെത്തിയ കര്‍ഷകന്‍ നരേന്ദ്ര സിംഗ,് ഗീത 2000 നവംബര്‍ 12നു കാണാതായ തന്റെ സഹോദരി ദുബ്ളി ആണെന്നാണ് അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ചു പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാം തീയതി നരേന്ദ്രസിംഗ് ബിജെപി എംപി സതീഷ് കുമാര്‍ ഗൌതത്തിന്റെ സഹായത്തോടെ സുഷമ സ്വരാജിനെ ഡല്‍ഹിയില്‍ എത്തി കണ്ടിരുന്നു. കാണാതായ സഹോദരിയുടെ ചിത്രങ്ങളും കൈമാറി. താന്‍ ഡിഎന്‍എ ടെസ്റിനു തയാറാണെന്നും നരേന്ദ്ര സിംഗ് സുഷമയെ അറിയിച്ചിരുന്നു.


ഇന്‍ഡോറിലെ പ്രത്യേക സ്ഥാപനത്തില്‍ കഴിയുന്ന ഗീത മാധ്യമങ്ങളെ കാണുന്നതിനു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗീതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഇന്‍ഡോറിലെ പ്രത്യേക സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ മോണിക്ക പഞ്ചാബിയോട് ആരാഞ്ഞപ്പോള്‍ ഇന്‍ഡോര്‍ കളക്ടറുടെ അനുമതിയില്ലാതെ ഇക്കാര്യം സംസാരിക്കാനാവില്ലെന്നായിരുന്നു മറുപടി.

അതിര്‍ത്തി കടത്തി ആഘോഷിച്ചു കൊണ്ടുവന്ന ഗീതയ്ക്ക് ഇന്ത്യയിലെ വിധി അനാഥത്വമാണോ എന്ന ചോദ്യവുമായി പാക്കിസ്ഥാനിലെ അന്‍സാര്‍ ബര്‍ണി ട്രസ്റ് ഇന്റര്‍നാഷണല്‍ ആണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് രണ്ടാഴ്ച മുന്‍പ് കത്തയച്ചിരുന്നെങ്കിലും ഇതിനു മറുപടി നല്‍കിയിരുന്നില്ല. ട്രസ്റ് ചെയര്‍മാനും മുന്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ ഉപദേശകനുമായ അന്‍സാര്‍ ബര്‍ണിയാണ് കത്തയച്ചത്. ഇന്ത്യയില്‍ ആരാലും തിരിച്ചറിയപ്പെടാത്ത പെണ്‍കുട്ടിയായി ഒരു ധര്‍മസ്ഥാപനത്തില്‍ കഴിയാനാണു കൊണ്ടു വന്നതെങ്കില്‍ പിന്നെ അവള്‍ പാക്കിസ്ഥാനില്‍ സ്നേഹ സുമനസുകളുടെ തണലില്‍ കഴിഞ്ഞിരുന്നതില്‍ എന്താണു കുഴപ്പമെന്നായിരുന്നു ബര്‍ണി ഇതു സംബന്ധിച്ചു ചോദ്യമുന്നയിച്ചത്.

ഭോപ്പാലില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയില്‍ കഴിയുന്ന പാക്കിസ്ഥാനി ബാലന്‍ റംസാനെ എത്രയും പെട്ടെന്നു തിരിച്ചയയ്ക്കുമെന്നും സുഷമ വ്യക്തമാക്കി. റംസാന്റെ പൌരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ പാക്കിസ്ഥാന്‍ ഹാജരാക്കിയാല്‍ ഗീതയെ ഇന്ത്യ്ക്കു കൈമാറിയതു പോലെ തന്നെ റംസാനെയും തിരിച്ചേല്‍പ്പിക്കുമെന്നാണ് സുഷമ പറഞ്ഞത്. റംസാന്റെ മാതാവിന് താത്പര്യം ഉണ്െടങ്കില്‍ ഇന്ത്യയില്‍ വന്നു മകനെ കാണാനുള്ള വീസ അനുവദിക്കുമെന്നും സുഷമ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.