ജിഎസ്ടി: മഞ്ഞുരുകുന്നു
ജിഎസ്ടി: മഞ്ഞുരുകുന്നു
Saturday, November 28, 2015 11:47 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കുന്നതിനുള്ള സമവായത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കായി ചായ സത്കാരം നടത്തി. പ്രധാനമന്ത്രിയുടെ വസതിയായ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസ തിയില്‍ ഇന്നലെ രാത്രി ഏഴിനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുമായി 'ചായ് പേ ചര്‍ച്ച' നടത്തിയത്.

ചര്‍ച്ച ഫലപ്രദമായിരുന്നു എന്നാണു സൂചന. വിശദാംശങ്ങളില്‍ ധാരണ ഉണ്ടാക്കി ജിഎസ്ടി ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കി എടുക്കാമെന്ന പ്രതീക്ഷ ചര്‍ച്ചയ്ക്കുശേഷം ഭരണകക്ഷി വൃത്തങ്ങള്‍ പ്രകടിപ്പിച്ചു. ചര്‍ച്ച തുടരും എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ലോക്സഭ പാസാക്കിയ ബില്ലില്‍ മാറ്റം വരുത്താതെ കോണ്‍ഗ്രസിന്റെ ഉപാധികള്‍ പാലിക്കാനുള്ള വഴിയാണു തുടര്‍ചര്‍ച്ചകളില്‍ തേടുക. അടുത്തയാഴ്ച തന്നെ രണ്ടാംവട്ട ചര്‍ച്ച നടക്കും.

കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു നടത്തുന്ന തുടര്‍ചര്‍ച്ചകളില്‍ അറിയിക്കുമെന്നും കോണ്‍ഗ്രസ് അവരുടെ പാര്‍ട്ടിയില്‍ അത് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാത്രിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കൂടുതല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനുള്ള സമവായം ഈ സമ്മേളനത്തില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചര്‍ച്ച 45 മിനിറ്റ് ദീര്‍ഘിച്ചു. ചര്‍ച്ചയ്ക്കുശേഷം നേതാക്കളെ പ്രധാനമ ന്ത്രിയും മന്ത്രിമാരും കൂടി വരാന്തയില്‍ ഇറങ്ങിവന്നാണ് യാത്രയാക്കിയത്. ജയ്റ്റ്ലിയും നാ യിഡുവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ഇതു നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനശൈലിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പൊതുജന സമ്മര്‍ദത്തിനു വഴങ്ങിയാണ് ചര്‍ച്ച നടത്തുന്നതെന്നും അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണു മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത്. ജിഎസ്ടി ബില്ലിലെ ചില വ്യവസ്ഥകളില്‍ ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസിനെ മയപ്പെടുത്താനാണ് അധികാരത്തിലേറി ഒന്നര വര്‍ഷത്തിനുശേഷം ആദ്യമായി നട ത്തുന്ന 'ചായ് പേ ചര്‍ച്ച'യിലൂ ടെ മോദി ലക്ഷ്യമാക്കിയത്. എന്നാല്‍, തങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്ന മൂന്നു കാര്യങ്ങളില്‍ മാറ്റംവരുത്താതെ ജിഎസ്ടി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നു സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ കഴിയാത്തത് സര്‍ക്കാരിനു ക്ഷീണമാണ്. ലോക്സഭയില്‍ ഭൂരിപക്ഷമുണ്െടങ്കിലും രാജ്യസഭയില്‍ അതില്ല. ഈ സാഹചര്യത്തില്‍ ചരക്കുസേവന നികുതി ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അത്തരമൊരു സാഹര്യത്തിലാണ് സോണിയഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും മോദി ചായ സത്കാരത്തിനു ക്ഷണിച്ചിരിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


വിദേശയാത്രകള്‍ക്കിടെ അവിടത്തെ നേതാക്കള്‍ക്കു ജിഎസ്ടി ബില്ലുകള്‍ പാസാക്കുന്നതിന് ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാണ് കേന്ദ്രസര്‍ക്കാര്‍ തിരിക്കിട്ടു നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ജിഎസ്ടി ബില്‍ പാസാക്കാനാകില്ലെന്നതാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പതിവുക ള്‍ തെറ്റിച്ച് കോണ്‍ഗ്രസുമായി സമവായമുണ്ടാക്കാന്‍ പ്രധാനമ ന്ത്രിതന്നെ നീക്കം തുടങ്ങിയത്.

ചരക്കുസേവന നികുതി

രാജ്യത്തെ പരോക്ഷ നികുതികള്‍ ഏകീകരിക്കുന്നതിനുള്ള യത്നമാണു ചരക്കുസേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ്-ജിഎസ്ടി). ഇത് മൂല്യവര്‍ധിത (വാല്യു ആഡഡ്) രൂപത്തിലുള്ളതാണ്. അതായത്, മുന്‍ഘട്ടത്തില്‍ നല്കിയ നികുതി കിഴിച്ചുള്ള നികുതി അടുത്തഘട്ടത്തില്‍ നല്കിയാല്‍ മതി. എക്സൈസ് ഡ്യൂട്ടി, സേവനനികുതി, സംസ്ഥാനാന്തര വ്യാപാരത്തിനു ള്ള സിഎസ്ടി, സംസ്ഥാനങ്ങളിലെ വാറ്റ്/വില്പന നികുതി എന്നിവ ഇതോടെ ഏക ജിഎസ്ടിയായി മാറും.

വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും നികുതിബാധ്യതയില്‍ മാറ്റം വരില്ലെങ്കിലും നികുതി നിര്‍ണയം എളുപ്പമാകും. ഓരോ സംസ്ഥാനത്തെ യും നികുതി കണക്കാക്കേണ്ട തില്ല. രാജ്യം മുഴുവന്‍ ഒരേ നിര ക്കാണ്. സംസ്ഥാനങ്ങളുടെ നികുതിനിര്‍ണയ അധികാര ത്തിനു കടിഞ്ഞാണ്‍ വീഴും. എന്നാല്‍, കൃത്യമായി നികുതി കിട്ടും എന്നതു സംസ്ഥാനങ്ങള്‍ക്കു വരുമാനം കൂട്ടും. രാജ്യത്തിന്റെ വാര്‍ഷിക സമ്പത്തില്‍ (ജിഡിപി) അര ശതമാനത്തിലധികം വര്‍ധന ഉണ്ടാക്കാന്‍ ജിഎസ്ടി നടപ്പാക്കല്‍ സഹായിക്കും.

ഏപ്രില്‍ ഒന്നിനു ജിഎസ്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനും രാജ്യസഭയു ടെ പരിഗണനയിലുള്ള ഭരണഘടനാ ഭേദഗതി ബില്‍ മൂന്നി ല്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കണം. പകുതിയിലേറെ സംസ്ഥാ ന നിയമസഭകളും ബില്‍ പാസാക്കണം.

കോണ്‍ഗ്രസിന്റെ മൂന്ന് ആവശ്യങ്ങള്‍

1. ജിഎസ്ടി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തുക. പുകയില, മദ്യം, വൈദ്യുതി എന്നിവയും ജിഎസ്ടിയില്‍ പെടുത്തുക.

2. ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം മാനുഫാക്ചറിംഗ് ടാക്സ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

3. സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്കുന്നതിനുള്ള ഫോര്‍മുല ബില്ലില്‍ പെടുത്തുക. നികുതി വിഹിതം അടക്കമുള്ള തര്‍ക്കപരിഹാരത്തിനു പൂര്‍ണമായി സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.