കാഷ്മീര്‍: വിവാദ പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ള
കാഷ്മീര്‍: വിവാദ  പ്രസ്താവനയുമായി  ഫറൂഖ് അബ്ദുള്ള
Saturday, November 28, 2015 12:35 AM IST
ജമ്മു: അന്താരാഷ്ട്ര വേദികളില്‍ കാഷ്മീരിനുമേല്‍ അനാവശ്യമായ അവകാശത്തര്‍ക്കം ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ, വിവാദ പ്രസ്താവനയുമായി ജമ്മു-കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാടിന് എതിരേയാണ് ഫറൂഖിന്റെ പ്രസ്താവന. പാക് അധീന കാഷ്മീര്‍ പാക്കിസ്ഥാന്റെ കൈവശംതന്നെ തുടരട്ടെയെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ജമ്മു-കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് അങ്ങനെതന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഗിര്‍ത്ഹരി ലാല്‍ ഡോഗ്രയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മറിച്ച് യുദ്ധം ചെയ്യുന്നത് ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്നാല്‍, പാക് അധീന കാഷ്മീര്‍ ഭരണഘടനാപരമായി ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് 1994ല്‍ പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്െടന്നു ജമ്മു-കാഷ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് ചൂണ്ടിക്കാട്ടി. ഫറൂഖിന്റെ പ്രസ്താവന തെറ്റാണെന്നും അതിനോടു യാതൊരു കാരണവശാലും യോജിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.