ഷീന വധം: മുഖര്‍ജിക്ക് നുണ പരിശോധന
Saturday, November 28, 2015 12:39 AM IST
മുംബൈ: ഷീന ബോറ വധക്കേസില്‍ സ്റാന്‍ ഇന്ത്യ മുന്‍സിഇഒയും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ സിബിഐക്കു പ്രത്യേക കോടതി അനുമതി നല്കി. മാധ്യമസ്ഥാപനം നടത്തിയതിലൂടെ ലഭിച്ച പണമെല്ലാം ഷീനയുടെ വിദേശത്തുള്ള ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്ന നിഗമനത്തിലാണു സിബിഐ.

സിംഗപ്പൂരില്‍ എച്ച്എസ്ബിസി ബാങ്കില്‍ ഷീനയുടെ പേരിലാണ് ഈ പണമെല്ലാം നിക്ഷേപിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ക്കായി മുഖര്‍ജിയെ ആറുമണിക്കൂറോളം സിബിഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഷീനയെ കാണാതായതിനുശേഷം തന്റെ മകന്‍ രാഹുല്‍ തന്നോടു സംസാരിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെയും ഇന്ദ്രാണിയുടെയും വരുമാനനികുതി സംബന്ധിച്ചും ഇന്ത്യയിലും വിദേശത്തുമായി ഇരുവര്‍ക്കുമുള്ള ബാങ്ക് അക്കൌണ്ടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. എന്നാല്‍, കൊലപാതകത്തിലേക്കു നയിച്ചത് സ്വത്തുതര്‍ക്കമാണോ എന്നു പൂര്‍ണമായി പറയാനാവില്ലെന്ന നിലപാടാണു സിബിഐക്കുള്ളത്. 2012 ഏപ്രിലിലാണ് ഇന്ദ്രാണിയുടെ മകള്‍ ഷീന കൊലചെയ്യപ്പെടുന്നത്. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവര്‍ ചേര്‍ന്നാണു ഷീനയെ കൊലപ്പെടുത്തിയതെന്നു സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.


ഷീനയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു തനിക്കു വ്യക്തമായി മറുപടി ഇന്ദ്രാണിയില്‍നിന്നു ലഭിച്ചിരുന്നില്ലെന്ന് ഷീന ബോറയുടെ അച്ഛന്‍ സിദ്ധാര്‍ഥ് ദാസ് സിബിഐയോടു പറഞ്ഞു. 2010 ലാണ് ഇന്ദ്രാണിയെ അവസാനമായി കാണുന്നത്. കോല്‍ക്കത്തയില്‍നിന്നു കരിംഗഞ്ചിലേക്കു പോകുംവഴിയായിരുന്നു കൂടിക്കാഴ്ച. സഹോദരന്‍ മിഖായേല്‍ ബംഗളൂരുവിലാണെന്നു ഷീന പറഞ്ഞു. ഷീനയുടെ മൊബൈല്‍നമ്പരും വാങ്ങി. 2012 ഏപ്രിലിനുശേഷം മൊബൈല്‍ ഒരുതവണപോലും റിംഗ് ചെയ്തിരുന്നില്ലെന്നും സിദ്ധാര്‍ഥ് ദാസ് പറഞ്ഞു.

ഇന്ദ്രാണിയുടെ ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് ഇന്ദ്രാണിയുടെ പേഴ്സണല്‍ സെക്രട്ടറി കാജല്‍ ശര്‍മ പറഞ്ഞു. 2012 മേയ്മാസം ഇന്ദ്രാണി ലണ്ടനില്‍നിന്നു തന്നെ വിളിച്ച് ഇ-മെയില്‍ അയച്ചിട്ടുണ്െടന്നും റിലയന്‍സ് മുംബൈ മെട്രോയില്‍നിന്നു രാജിവയ്ക്കുന്നതായുള്ള കത്ത് അയച്ചിട്ടുണ്െടന്നും തന്റെ ഒപ്പിട്ടു പഠിച്ച് അതില്‍ ഒരു ഒപ്പിടണമെന്നും ഇന്ദ്രാണി പറഞ്ഞു. ഇങ്ങനെ ഒപ്പിട്ടു റിലയന്‍സ് മെട്രോ കമ്പനിക്കു കൈമാറുകയും ചെയ്തു. കമ്പനിയുടെ അസിസ്റന്റ് മാനേജരായിരുന്നു ഇന്ദ്രാണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.