അസഹിഷ്ണുത ഇന്നു ലോക്സഭയില്‍ ചര്‍ച്ചയായേക്കും
Monday, November 30, 2015 12:55 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുത സംബന്ധിച്ച പ്രശ്നങ്ങള്‍ ലോക്സഭ ഇന്നു ചര്‍ച്ച ചെയ്തേക്കും. പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഉപവിപ്പ് കെ.സി. വേണുഗോപാലും സിപിഎം സഭാ നേതാവ് പി. കരുണാകരനുമാണു നോട്ടീസ് നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെ ഇന്നത്തെ കാര്യപരിപാടിയില്‍ വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ച ഉള്‍പ്പെട്ടിട്ടുണ്െടന്നാണു സൂചന.

പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തിയ സര്‍വകക്ഷി യോഗത്തില്‍ അസഹിഷ്ണുത അടക്കമുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താന്‍ തയാറാണെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരും ബിജെപി ആര്‍എസ്എസ് സംഘടനകളുമാണ് അസഹിഷ്ണുത വളര്‍ത്തുന്നതെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.


എന്നാല്‍, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ രാഷ്ട്രീയ വിവാദമാക്കുകയാണെന്നും അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.