ലോക്സഭയില്‍ വാഗ്വാദവും ബഹളവും
ലോക്സഭയില്‍ വാഗ്വാദവും ബഹളവും
Tuesday, December 1, 2015 12:25 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: അസഹിഷ്ണുതയെക്കുറിച്ചു ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും. പ്രധാനമന്ത്രി നരേന്ദ്ര മോദി 800 വര്‍ഷത്തിനു ശേഷമുള്ള ആദ്യ ഹിന്ദു ഭരണാധികാരിയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതായി ഇംഗ്ളീഷ് ദ്വൈവാരികയില്‍ വന്ന പ്രസംഗത്തെച്ചൊല്ലിയുള്ള ആരോപണ, പ്രത്യാരോപണങ്ങളിലും ബഹളത്തിലും ലോക്സഭ ഇന്നലെ നാലു തവണ നിര്‍ത്തിവച്ചു.

വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ സിപിഎം ഉപനേതാവ് മുഹമ്മദ് സലീം വിസമ്മതിച്ചതിനെ തുടര്‍ന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ വിവാദഭാഗം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്തു. രാജ്നാഥ് സിംഗിന്റെ പേരില്‍ ഔട്ട്ലുക്ക് മാസികയില്‍ വന്ന വാചകമാണു താന്‍ ഉദ്ധരിച്ചതെന്നും വിവാദത്തിനു തിരികൊളുത്തിയ സലീം ചൂണ്ടിക്കാട്ടി. സലീം പറഞ്ഞതു തന്നെ വളരെ വേദനിപ്പിച്ചുവെന്നും അത്തരമൊരു പ്രസ്താവന താന്‍ നടത്തുമെന്നു ന്യൂനപക്ഷങ്ങള്‍ പോലും പറയില്ലെന്നും രാജ്നാഥ് തിരിച്ചടിച്ചു. എങ്കില്‍ അത്തരം ലേഖനം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കാത്തതെന്ത് എന്നു സലീം തിരിച്ചുചോദിച്ചു.

ആഭ്യന്തരമന്ത്രി നിഷേധിച്ചതിനാല്‍ സലീം പ്രസ്താവന പിന്‍വലിക്കണമെന്നു ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. പ്രസ്താവന പിന്‍വലിക്കില്ലെന്നും തെറ്റാണെങ്കില്‍ മാസികയ്ക്കെതിരേ മന്ത്രി കേസ് കൊടുക്കുകയാണു വേണ്ടതെന്നും സലീമും പറഞ്ഞു. തുടര്‍ന്നുള്ള ബഹളത്തിലാണു സഭ പലതവണ നിര്‍ത്തിവച്ചത്.

“എന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ ആദ്യമായാണു ഞാന്‍ വേദനിക്കുന്നത്. ഇതൊരു ഗുരുതരമായ ആരോപണമാണ്. അത്തരമൊരു പരാമര്‍ശം നടത്തിയെങ്കില്‍ ഒരു ആഭ്യന്തരമന്ത്രിയും തുടരരുതെന്നു ഞാന്‍ കരുതുന്നു”- വികാരധീനനായി രാജ്നാഥ് പറഞ്ഞു. ഒന്നുകില്‍ താന്‍ അങ്ങനെ പറഞ്ഞുവെന്നു തെളിയിക്കണം. അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഒരിക്കലും വിടുവായത്തം പറയുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തു വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും സിപിഎം നേതാവ് പി. കരുണാകരനും ആണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വിലക്കയറ്റത്തെക്കുറിച്ചു ചര്‍ച്ചയാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി മറ്റൊരു നോട്ടീസും നല്‍കിയിരുന്നു. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും രണ്ടു വിഷയത്തെക്കുറിച്ചും പ്രത്യേകം ചര്‍ച്ച അനുവദിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്നു ശീതകാല സമ്മേളനത്തിലെ ആദ്യ ചോദ്യം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ സ്പീക്കര്‍ ക്ഷണിച്ചതോടെ ചോദ്യോത്തരവേള തടസമില്ലാതെ നടന്നു. പിന്നീടു ശൂന്യവേളയുടെ തുടക്കത്തില്‍ തന്നെ അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ആരംഭിച്ചു. സിപിഎമ്മിലെ ബംഗാളില്‍ നിന്നുള്ള എംപി മുഹമ്മദ് സലീം വിഷയം അവതരിപ്പിച്ചു കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ കടന്നാക്രമണത്തിനിടെയാണു രാജ്നാഥിന്റെ പേരില്‍ മോദിയെക്കുറിച്ചു മാസികയില്‍ വന്ന വാക്കുകള്‍ വായിച്ചത്. ഇംഗ്ളീഷ് മാസികയില്‍ വന്ന കാര്യമാണു സലീം പറഞ്ഞതെന്നും അതില്‍ അപാകതയൊന്നുമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിന്നീടു സഭയ്ക്കു പുറത്തു ന്യായീകരിച്ചു.


പ്രമുഖമായൊരു മാസികയില്‍ അച്ചടിച്ചു വന്ന കാര്യം പറഞ്ഞതു പിന്‍വലിച്ചില്ലെങ്കില്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്നു ഭരണപക്ഷ നിലപാടു തന്നെ അസഹിഷ്ണുതയാണെന്നു സലീം ആരോപിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങളെന്താ തൂക്കിക്കൊല്ലുമോ എന്നു ചോദിച്ചു ഭരണപക്ഷത്തെ പ്രകോപിപ്പിക്കാനും സലീം മടിച്ചില്ല. ഇതൊരു ഫാസിസ്റ് രാജ്യമല്ല, ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്യ്രം ആര്‍ക്കും നിഷേധിക്കാനാകില്ല. സര്‍ക്കാരുകള്‍ വന്നും പോയും ഇരിക്കും. സര്‍ക്കാരുകള്‍ മുതലാളിമാരോ, ഉടമകളോ അല്ല. നടത്തിപ്പുകാര്‍ മാത്രമാണ്. ഇന്ത്യ മതേതര രാജ്യമാണ്. സഹിഷ്ണുതയാണു രാജ്യത്തിന്റെ കരുത്ത് -സലീം ഓര്‍മിപ്പിച്ചു.

കേരള ഹൌസിലെ ബീഫ് റെയ്ഡും ദാദ്രി കൊലപാതകവും മന്ത്രി വി.കെ. സിംഗ് അടക്കമുള്ളവരുടെ അതീവ പ്രകോപനപരമായ പ്രസ്താവനകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കെ.സി. വേണുഗോപാലും മികവു കാട്ടി. കുട്ടികളുടെ മുന്നിലിട്ടു ജയകൃഷ്ണന്‍ മാസ്ററെ വെട്ടിക്കൊന്നവരും പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയവരും സഹിഷ്ണുത പഠിപ്പിക്കേണ്െടന്നു ബിജെപി എംപി മീനാക്ഷി ലേഖി തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.