തമിഴ്നാട്ടില്‍ കനത്ത മഴ; ഗതാഗതം മുടങ്ങി
തമിഴ്നാട്ടില്‍ കനത്ത മഴ; ഗതാഗതം മുടങ്ങി
Wednesday, December 2, 2015 12:40 AM IST
ചെന്നൈ: കനത്ത മഴയില്‍ ചെന്നൈ, പുതുച്ചേരി, തിരുവള്ളൂര്‍, കൂടല്ലൂര്‍, കാഞ്ചിപുരം തുടങ്ങിയവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ ജനജീവിതം താറുമാറായി. പ്രളയം മൂലം റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ടു. വിമാനത്താവളം അടച്ചിട്ടു. കൊളംബോയില്‍നിന്നു ചെന്നൈയിലേക്കു വന്ന വിമാനത്തെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു തിരിച്ചയച്ചു.

മിക്കയിടത്തും റോഡുകളും പാളങ്ങളും വെള്ളത്തിനടിയിലായി. ദക്ഷിണറെയില്‍വേ 12 ട്രെയിനുകള്‍ റദ്ദാക്കി. 11 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പ്രളയത്തില്‍ ഇതുവരെ തമിഴ്നാട്ടില്‍ 188 പേര്‍ മരിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്തമഴയ്ക്കു കാരണം. അടുത്ത നാലുദിവസം തോരാത്ത മഴയുണ്ടാകുമെന്നാണു സൂചന.

പ്രശ്നബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരിതാശ്വാസ സേന, അഗ്നിശമനസേന, തീരസംരക്ഷണസേന തുടങ്ങിയവയുണ്ട്. പ്രളയത്തെത്തുടര്‍ന്നു ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നാല്‍ അതിനു സംവിധാനം സജ്ജമാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ടുദിവസം അവധിനല്‍കി. സ്കൂള്‍ വിദ്യാര്‍ഥികളുടെ അര്‍ധവാര്‍ഷിക പരീക്ഷ അടുത്തമാസത്തേക്കു മാറ്റിവച്ചു. പൂന്തി, ചോളവാരം, പുഴല്‍, ചെമ്പരമ്പാക്കം അണക്കെട്ടുകളിലെ വെള്ളം 84 ശതമാനത്തോളമായി. 100 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ മഴയാണ് ഇന്നലെ ചെന്നൈ യില്‍ പെയ്തത്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.