രാജ്യസ്നേഹത്തിനു സര്‍ട്ടിഫിക്കറ്റ് വേണ്െടന്നു മോദി
രാജ്യസ്നേഹത്തിനു സര്‍ട്ടിഫിക്കറ്റ് വേണ്െടന്നു മോദി
Wednesday, December 2, 2015 12:41 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജ്യസ്നേഹം തെളിയിക്കാന്‍ ആര്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 125 കോടി ഇന്ത്യക്കാരുടെ രാജ്യസ്നേഹത്തെക്കുറിച്ച് ആരും ചോദ്യം ഉയര്‍ത്തേണ്ടതില്ല. ആരും തന്നെ ഒരു രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമില്ലെന്നുമാണ് രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചയ്ക്കു മറുപടി പറയവേ നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്.

അക്രമ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമേല്‍പ്പിക്കുന്നതാണെന്നാണു മോദി പറഞ്ഞത്. അക്രമങ്ങളുടെ വേദന എല്ലാവരും അനുഭവിക്കുന്നു. ഐക്യവും മൈത്രിയുമാണു രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. നാല്പതു മിനിട്ട് നീണ്ടുനിന്ന മറുപടി ഏകത മന്ത്ര എന്നതില്‍ ഊന്നിയായിരുന്നു. ഇന്ത്യയെപ്പോലെ ഒട്ടേറെ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ശിഥിലീകരണത്തിനു സാധ്യതകള്‍ ഉണ്െടങ്കിലും രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തണം. ഭരണഘടന രൂപീകരണത്തില്‍ പണ്ഡിറ്റ് നെഹ്റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഭാവനകള്‍ പങ്ക് വിസ്മരിക്കാനാവുന്നതല്ലെന്നും മോദി പറഞ്ഞു. ഡോ. ബി.ആര്‍. അംബേദകറിനൊപ്പം ജവഹര്‍ലാന്‍ നെഹ്റു, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, മൌലാന ആസാദ് തുടങ്ങിയവരുടെ പേരുകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

രാജ്യസഭയില്‍ സുപ്രധാന ബില്ലുകള്‍ പാസാകാനിരിക്കെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. വിഭാഗീയത പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും രാജ്യത്തിന് ആശങ്കയുണ്ടാക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. എന്നാല്‍, രാജ്യത്ത് അസഹിഷ്ണുത സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായിരിക്കേ ഒരു സംഭവങ്ങളെയും പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ രാജ്യസഭയിലെ മറുപടി. ലോക്സഭയിലെ പ്രസംഗത്തിലെ പോലെ തന്നെ സംസ്കൃത ശ്ളോകങ്ങള്‍ ഉദ്ധരിച്ചതിനു പുറമേ ഇക്കുറി മാക്സ് മ്യുള്ളര്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ ചിന്തകരുടെ വാചകങ്ങളും കടമെടുത്താണ് സംസാരിച്ചത്.


ഐക്യവും മൈത്രിയും ഇന്ത്യയുടെ പാരമ്പര്യമാണ്. ഈ ഐക്യം ദിനംപ്രതി ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി 'ഏകഭാരത് ശ്രേഷ്ഠ ഭാരത്' എന്ന നിര്‍ദേശമാണ് മുന്നോട്ടു വയ്ക്കാനുള്ളത്. ദേശ-വൈവിധ്യങ്ങള്‍ മറികടന്ന് ഐക്യപ്പെടുന്നതിന് ഉദാഹരണമായി ഛത്തീസ്ഗഡില്‍ മലയാള മഹോത്സവവും കാര്യവും മലയാള ചലച്ചിത്രോത്സവവും സംഘടിപ്പിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി.

മുതിര്‍ന്നവരുടെ സഭയായ രാജ്യസഭയ്ക്കാണു താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യസഭയുടെ ഔന്നത്യത്തില്‍ തര്‍ക്കമില്ലെന്നും മോദി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനു വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലുകള്‍ പാസാകണമെങ്കില്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം അനിവാര്യമാണ്.

ലോക്സഭയും രാജ്യസഭയും ചേര്‍ന്നു പ്രവര്‍ത്തിക്കണം. നിയമനിര്‍മാണത്തില്‍ രാജ്യസഭ ഒരിക്കലും തടസം നില്‍ക്കരുതെന്ന ഭരണഘടനാ നിര്‍മാണ സമിതിയിലെ ഗോപാലസ്വാമി അയ്യങ്കാരുടെ വാക്കുകളും മോദി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.