മാലിന്യം തെരുവുകളിലല്ല, മനസിലെന്നു രാഷ്ട്രപതി
മാലിന്യം തെരുവുകളിലല്ല,  മനസിലെന്നു രാഷ്ട്രപതി
Wednesday, December 2, 2015 12:43 AM IST
അഹമ്മദാബാദ്: രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മനുഷ്യമനസിലെ മാലിന്യം തുടച്ചുനീക്കാന്‍ ആഹ്വാനം ചെയ്തു. മാലിന്യം തെരുവുകളിലല്ല, മനസുകളിലാണ്. വിഭാഗീയ ചിന്തകളില്‍നിന്നു നമ്മുടെ കാഴ്ചപ്പാടുകളെ സ്വതന്ത്രമാക്കണം. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വഛ് ഭാരത്, ശുദ്ധമായ മനസും ശുദ്ധമായ ശരീരവും ഒപ്പം ശുദ്ധമായ പരിസരവുമാണ്. രാജ്യത്തോടൊപ്പം നമ്മുടെ മനസുകളും ശുദ്ധമാക്കി ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം, സബര്‍മതി ആശ്രമത്തില്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.

പരിസരശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ രാഷ്ട്രപതി പ്രശംസിച്ചു. ജനങ്ങളുടെ ചിന്താസരണികളിലാണു മാലിന്യമുള്ളത്. അത്തരം ചിന്തകള്‍, പൊതുസമൂഹത്തില്‍നിന്ന് വേറിട്ടുനില്‍ക്കാനും അവര്‍-ഞങ്ങള്‍ എന്ന സ്വാര്‍ഥനിലപാടിലേക്കു നയിക്കാനും ഇടവരുത്തുന്നു. നമുക്കുചുറ്റും അപ്രതീക്ഷിത അക്രമങ്ങള്‍ ഏറെ ഉണ്ടാകുന്നു. അവിശ്വാസവും ഭയവും മനസിലെ ഇരുട്ടുമാണ് ഇതിനാധാരം. അക്രമങ്ങളെ ചെറുക്കാന്‍ അഹിംസയും ചര്‍ച്ചയുമാണ് അവലംബിക്കേണ്ടത്. ശാരീരികവും മാനസികവും ഭൌതികവുമായ അക്രമണങ്ങളില്‍നിന്നും നമ്മുടെ സമൂഹത്തെ മോചിപ്പിക്കണമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. ദാദ്രി കൊലപാതകം ഉള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അസഹിഷ്ണുതയ്ക്കെതിരേ രാഷ്ട്രപതി മുന്നറിയിപ്പു നല്‍കിയത്.


അക്രമരഹിത സമൂഹത്തിനു മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിക്കൂ. അനുകമ്പയും സഹനവുമാണു നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനം. സമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടിയാണു ഗാന്ധിജി തന്റെ ജീവിതം ഉഴിഞ്ഞുവച്ചതെന്നു രാഷ്ട്രപതി ഓര്‍മിപ്പിച്ചു. 2012 ജൂലൈയില്‍ രാഷ്ട്രപതിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണു പ്രണാബ് മുഖര്‍ജി ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.