ഐഎസ് ബന്ധം: യുവാവ് പിടിയില്‍
Saturday, February 6, 2016 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള യുവാവ് ഡല്‍ഹിയില്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര ഇന്റലിജന്റ്സ് നല്‍കിയ വിവരം അനുസരിച്ച് കാഷ്മീരി ഗേറ്റിനു സമീപത്തു നിന്നാണ് ഇബ്രാഹിം സയീദ് (28) എന്ന മുംബൈ സ്വദേശിയെ ഡല്‍ഹി പോലീസ് പിടികൂടിയത്. ഐഎസ് ബന്ധമുള്ള സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയതെന്നു ഡല്‍ഹി പോലീസ് സ്പെഷല്‍ കമ്മീഷണര്‍ അര്‍വിന്ദ് ദീപ് പറഞ്ഞു. സ്വമേധയാ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഇയാള്‍ സാമ്പത്തിക സ്രോതസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഹരിദ്വാറില്‍ പിടിയിലായ ഐഎസ് ഭീകരരുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് പറയുന്നു. ഇവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കിയതും സയീദാണ്.


ഇയാളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും തലസ്ഥാനത്തെ മറ്റു ബന്ധങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ മാസം അവസാനമാണ് ഹരിദ്വാറിലെ അര്‍ധകുംഭമേളയ്ക്കിടെ സ്ഫോടനം ആസൂത്രണം ചെയ്തെന്നു സംശയിക്കുന്ന നാലു പേരെ പോലീസ് ഉത്തരാഖണ്ഡിലെ മംഗളോര്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആഖ്ലാഖ് ഉര്‍ റഹ്മാന്‍, മുഹമ്മദ് ഒസാമ, മൊഹമ്മദ് അസിം ഷാ, മെഹ്റോസ് തുടങ്ങിയവരാണു പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.