ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം
Sunday, February 7, 2016 12:44 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ കൂടി തുറന്നു മൂല്യനിര്‍ണയം നടത്തിയാലേ സാധിക്കൂയെന്നും വിദഗ്ധ സമിതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യ വസ്തുക്കളുടെ മൂല്യനിര്‍ണയത്തിനാണു സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ബി നിലവറ ഒഴികെയുള്ള നിലവറകള്‍ പരിശോധിക്കണമെന്നാണു നിര്‍ദേശം.

എ മുതല്‍ എച്ച് വരെയുള്ള നിലവറകളിലെ മൂല്യനിര്‍ണയവും പരിശോധനയും പൂര്‍ത്തിയായെന്നും പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സമിതിയുടെ എട്ടു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ബി നിലവറ തുറന്നു പരിശോധിക്കാന്‍ കോടതി ഉത്തരവിടണമെന്നും എം.വി. നായര്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെടുന്നു.


ഇതുവരെയുള്ള പരിശോധനയുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് 45,000 പേജുള്ള റിപ്പോര്‍ട്ടായാണു തയാറാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മ്യൂസിയം സ്ഥാപിക്കാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പൂജയ്ക്കായി ആഭരണങ്ങള്‍ കൈമാറണമെന്ന ക്ഷേത്രത്തില്‍ നിന്നുള്ള ആവശ്യവും വിദഗ്ധ സമിതി ഉത്തരവിനായി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേസ് അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.