ഗുജറാത്ത് മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ വന്‍ ഭൂമിതട്ടിപ്പ് ആരോപണം
Sunday, February 7, 2016 12:47 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗിര്‍ വനഭൂമിയോടു ചേര്‍ന്നു സ്വകാര്യ റിസോര്‍ട്ട്നിര്‍മാണത്തിന് 250 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിസാര വിലയ്ക്കു സ്വന്തം മകളുടെ കമ്പനിക്ക് വളഞ്ഞവഴിയിലൂടെ അനുവദിച്ച ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്.

ഭൂമി തട്ടിപ്പിനെക്കുറിച്ചു സുപ്രീം കോടതി നിരീക്ഷണത്തോടെ ഉന്നതതല അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. ഭൂമി അനുവദിക്കുന്ന കാലത്തു മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരപരാധിത്വം തെളിയിക്കണമെന്നു പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.

2010ല്‍ മോദി മുഖ്യമന്ത്രിയും ആനന്ദിബെന്‍ റവന്യൂ മന്ത്രിയുമായിരിക്കെയാണ് 125 കോടി രൂപ വില വരുന്ന ഭൂമി വെറും 1.5 കോടി രൂപയ്ക്കു റവന്യൂ മന്ത്രിയുടെ മകള്‍ അനാര്‍ പട്ടേലിനു ബിസിനസ് പങ്കാളിത്തമുള്ള കമ്പനിക്കു നല്‍കിയത്. ചതുരശ്ര മീറ്ററിനു വെറും 15 രൂപ നിരക്കിലാണു ഗീര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള 250 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്കു നല്‍കിയത്. ഇതിനു മന്ത്രിസഭയുടെ അനുമതിയുണ്േടായെന്നു പോലും വ്യക്തമല്ല.

സര്‍ക്കാരില്‍നിന്ന് 250 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയ വൈല്‍ഡ്വുഡ്സ് എന്ന റിസോര്‍ട്ടു കമ്പനിക്കാര്‍ പിന്നീടു സമീപത്തുള്ള 172 ഏക്കര്‍ കാര്‍ഷിക ഭൂമി കൂടി വിലയ്ക്കു വാങ്ങി. ഇതോടെ, മൊത്തം 422 ഏക്കര്‍ ഭൂമിയാണു കമ്പനി കൈവശപ്പെടുത്തിയതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ഭൂമി വാങ്ങുന്നതിനു സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ 2011ല്‍ പ്രത്യേകാനുമതി നല്‍കിയതും അന്വേഷിക്കണം.

ഭൂമി വാങ്ങിയ വൈല്‍ഡ്വുഡ്സ് കമ്പനിയുടെ ഒരു പാര്‍ട്ണര്‍ പിന്നീടു ഈ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്കു പങ്കാളിത്തമുള്ള മറ്റൊരു കമ്പനിക്കു കൈമാറുകയായിരുന്നു. ഇപ്പോള്‍ ഭൂമി കൈവശമുള്ള കമ്പനിയുടെ ഉടമസ്ഥര്‍ ആനന്ദിബെന്‍ പട്ടേലിന്റെ മകള്‍ അനാര്‍ പട്ടേലിന്റെ ബിസിനസ് പങ്കാളികളാണ്.

സിബിഐയും എന്‍ഫോഴ്സ്മെന്റ് വകുപ്പും പോലും വിശ്വാസ്യത നഷ്ടമാക്കിയ നിലയ്ക്കു സുപ്രീം കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണം സംഘം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി കൈക്കലാക്കിയതെന്നതും നിയമവിരുദ്ധമാണ്. ഗുജറാത്തില്‍ കര്‍ഷകരല്ലാത്തവര്‍ക്കു കൃഷിഭൂമി കെമാറ്റം ചെയ്യുന്നതിനു വിലക്കുണ്ട്. വലിയ ക്രമക്കേടു നടത്തിയ ഇടപാടിനെക്കുറിച്ചു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനു മറുപടി നല്‍കേണ്ടിവരുമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. അഴിമതിക്കെതിരേ വീരവാദം മുഴക്കി അധികാരത്തിലെത്തിയ ആളാണു മോദിയെന്നും അദ്ദേഹം ഗുജറാത്ത് ഭരിക്കുമ്പോഴാണു പൊതുസ്വത്ത് തട്ടിയെടുത്തതെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭൂമി തട്ടിപ്പ് കേസു ഞെട്ടിക്കുന്നതാണെന്നും ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു അന്വേഷണം നടത്തണമെന്നും ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കകം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എഎപി മുന്നറിയിപ്പു നല്‍കി.

ഭൂമി അനുവദിക്കുമ്പോള്‍ റവന്യൂമന്ത്രിയായിരുന്ന ആനന്ദിബെന്‍ മുഖ്യമന്ത്രിയായ ശേഷവും റവന്യൂവകുപ്പു കൈവിടാതിരുന്നതു സംശയകരമാണ്.

റോബര്‍ട്ട് വധേരയുടെ ഇടപാടുകളില്‍ നിന്നു എന്തു വ്യത്യാസമാണു ബിജെപി മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകള്‍ക്കെ ന്നും കേജരിവാള്‍ ചോദിച്ചു. ആനന്ദിബെന്‍ പദവിയൊഴിയാതെ സത്യസന്ധമായ അന്വേഷണം അസാധ്യമാണെന്നു ഗുജറാത്തിന്റെ ചുമതലയുള്ള എഎപി നേതാവ് അശിഷ് ഖേതാനും പറഞ്ഞു.

ഇതേസമയം, യോഗ്യതയുള്ള ബിസിനസുകാരിയാണു താനെന്നും തന്റെ ഭര്‍ത്താവുമായി ചേര്‍ന്ന് 22 വര്‍ഷമായി സാമൂഹ്യസേവനം നടത്തുന്നുണ്െടന്നുമായിരുന്നു വാര്‍ത്തയെക്കുറിച്ച്അനാര്‍ പട്ടേലിന്റെ പ്രതികരണം.

2008ല്‍ ബിസിനസ് തുടങ്ങിയ താന്‍ നീതിബോധവും ധാര്‍മികതയുമുള്ള വ്യക്തിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ അവകാശപ്പെട്ടു. വിവാദത്തിനു ശേഷവും മുഖ്യമന്ത്രിയുടെ മകള്‍ ഇടപാടോ, ആരോപണങ്ങളോ നിഷേധിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍, വിവാദം അടിസ്ഥാനരഹിതമാണെന്നു ഗുജറാത്ത് ബിജെപി അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.