മധുര ബസ് അപകടം: മരണസംഖ്യ 16 ആയി
Monday, February 8, 2016 11:55 PM IST
മധുര: തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം ടി കല്ലുപട്ടിയില്‍ തമിഴ്നാട് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍കൂടി മരിച്ചു. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. പരിക്കേറ്റ് രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരാണ് ഇന്നലെ മരിച്ചത്.

രാജപാളയത്തുനിന്നു കുമളിയിലേക്കു വന്ന ബസും സിമന്റുമായി തെങ്കാശിക്കു പോയ ലോറിയുമാണു കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലെ ഡ്രൈവര്‍മാരും അപകടത്തില്‍ മരിച്ചു. കൂട്ടിയിടിയെത്തുടര്‍ന്നു ലോറി മറിഞ്ഞ് സിമന്റ് ചാക്കുകള്‍ ബസിലെ യാത്രക്കാരുടെ മുകളിലേക്കു വീഴുകയായിരുന്നു.


ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കര്‍, സഹകരണമന്ത്രി സെല്ലൂര്‍ കെ. രാജു, ഗതാഗതമന്ത്രി തങ്കമണി എന്നിവര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.