റബര്‍ വിലത്തകര്‍ച്ച: അരുണ്‍ ജെയ്റ്റ്ലിയുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി
റബര്‍ വിലത്തകര്‍ച്ച: അരുണ്‍ ജെയ്റ്റ്ലിയുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി
Tuesday, February 9, 2016 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റബര്‍ വിലത്തകര്‍ച്ച മൂലമുള്ള കര്‍ഷക പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ജോസ് കെ. മാണി എംപി ചര്‍ച്ച നടത്തി.

കര്‍ഷകന് ഒരു കിലോ റബറിനു കുറഞ്ഞത് 200 രൂപ എങ്കിലും ഉറപ്പാക്കുന്നതിനായി 500 കോടി രൂപ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ധനമന്ത്രാലയം വേഗത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ റബര്‍ ഇറക്കുമതി രണ്ടു തുറമുഖത്തിലൂടെ മാത്രമാക്കി നിയന്ത്രിക്കുകയും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരമുള്ള ഇറക്കുമതി മാര്‍ച്ച് 31 വരെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയില്‍ വിലസ്ഥിരതാ ഫണ്ടില്‍ നിന്നു 500 കോടി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച ശിപാര്‍ശ ധനമന്ത്രാലയമാണ് അംഗീകരിക്കേണ്ടതെന്നു വാണിജ്യ മന്ത്രി നിലപാട് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ജോസ് കെ. മാണി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്തതിലൂടെ ചുങ്കമായി കേന്ദ്ര സര്‍ക്കാരിനു 2092 കോടി രൂപ ലഭിച്ചിട്ടുണ്ട്. 2010ല്‍ 55.090 ടണ്ണും 2011ല്‍ 66418 ടണ്ണും 2012ല്‍ 123045 ടണ്ണും 2013ല്‍ 2,30,950 ടണ്ണും 2014ല്‍ 3,38,305 ടണ്ണും 2015ല്‍ (നവംബര്‍ വരെ) 2,32,500 ടണ്ണും ഇറക്കുമതി ചെയ്തു. ഇതു കൂടാതെ 1000 കോടിയില്‍ കൂടുതല്‍ വിലസ്ഥിരത ഫണ്ടായി കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്െടന്നും ഇപ്പോഴുള്ള കര്‍ഷക ദുരിതത്തിനു താത്കാലിക ആശ്വാസം ലഭിക്കാന്‍ 500 കോടി രൂപ അനുവദിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന റബര്‍ ഇന്‍സെന്റീവ് പദ്ധതിവഴി കിലോയ്ക്ക് 200 രൂപ നല്‍കാനാവുമെന്ന് എംപി ചൂണ്ടിക്കാട്ടി.


കേരളത്തിലെ 60 ശതമാനം റബര്‍ കൃഷിസ്ഥലങ്ങളും റീപ്ളാന്റ് ചെയ്യാനുള്ള കാലാവധി കഴിഞ്ഞവയാണെന്നും ഇപ്പോള്‍ ലഭിക്കുന്ന 25,000 രൂപ സബ്സിഡി ഇതിനു പര്യാപ്തമല്ലെന്നും അദ്ദേഹം ഉന്നയിച്ചു. ആയതിനാല്‍ സബ്സിഡി തുക ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണം. കൂടാതെ ഒരു ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പയായി അനുവദിക്കുകയും തിരിച്ചടവിന് 10 വര്‍ഷത്തെ കാലാവധി അനുവദിക്കുകയും വേണം.

സിന്തറ്റിക് റബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടുക, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് റബറിന് സെസ് ഏര്‍പ്പെടുത്തുക, ഏലം ഉള്‍പ്പടെയുള്ള എല്ലാ കാര്‍ഷിക വിളകള്‍ക്കും ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജോസ് കെ. മാണി എംപി ഉന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.